| Monday, 7th January 2019, 1:18 pm

റദ്ദാക്കിയ ഐ.ടി. നിയമത്തിന്റെ പേരിൽ അറസ്റ്റുകൾ; ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കുമെന്നു സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: റദ്ദാക്കിയ ഐ.ടി. നിയമത്തിലെ സെക്ഷൻ 66 എയുടെ ചുവടു പിടിച്ച് ഇപ്പോഴും അറസ്റ്റുകൾ നടക്കുന്നതിനെ വിമർശിച്ച് സുപ്രീം കോടതി. ഈ നിയമത്തിന്റെ പേരിൽ നടക്കുന്ന അറസ്റ്റുകളെ തടയാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഈ നിയമം പറഞ്ഞ് അറസ്റ്റ് നടത്തുന്നവരെ ജയിലിൽ അടയ്ക്കുമെന്നും താക്കീത് നൽകി. സൈബർ കുറ്റകൃത്യങ്ങളും ഇ – വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും തടയാനാണ് 2008ൽ സെക്ഷൻ 66 എ നിലവിൽ വരുന്നത്.

Also Read ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നം; സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

എന്നാൽ ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി കണ്ട് സുപ്രീം കോടതി 2015ൽ ഈ നിയമം റദ്ദാക്കുകയായിരുന്നു. ഈ നിയമം അവ്യക്തവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതുവരെ 22 ആൾക്കാർ ഈ നിയമത്തിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഈ കാര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞ കോടതി റദ്ദാക്കിയ നിയമം ഉപയോഗിച്ച് അറസ്റ്റുകൾ നടത്തിയ ഉദ്യോഗസ്ഥരെ ജയിലിൽ അടക്കുമെന്നും പറഞ്ഞു. ഭരണഘടനാ വിരുദ്ധമെന്നു കണ്ട് കോടതി റദ്ദാക്കിയ ഒരു നിയമത്തെ വീണ്ടും കൊണ്ടുവരുന്ന പ്രവൃത്തി ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് കോടതി നാല് ആഴ്ച്ച സമയം നൽകി.

Also Read മഹാരാഷ്ട്രയില്‍ രണ്ട് സീറ്റുകള്‍ ലക്ഷ്യമിട്ട് സി.പി.ഐ.എം: കോണ്‍ഗ്രസ് – എന്‍.സി.പി സഹകരണത്തോടെ മത്സരിക്കാന്‍ നീക്കം

66 എ നിലവിലിരുന്ന സമയത്ത് നിരവധി സാമൂഹ്യപ്രവർത്തകരും ആക്ടിവിസ്റ്റുകളും നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഭിന്നശബ്ദങ്ങളെയും , അഭിപ്രായസ്വാതന്ത്ര്യത്തെയും,ഇന്റർനെറ്റിലുള്ള അഭിപ്രായപ്രകടനത്തെയും നിയമം കുറ്റമായി ചിത്രീകരിക്കുന്നു എന്നതാണ് 66 എയ്ക്കെതിരെ ഉയർന്ന പ്രധാന വിമർശനം. നിയമം അവ്യക്തമാണെന്നും, പൊലീസുകാർക്ക് ദുരുപയോഗംചെയ്യാൻ അവസരമൊരുക്കുന്നു എന്നും വിമർശകർ കുറ്റപ്പെടുത്തിയിരുന്നു. 2000ൽ പാർലമെന്റിൽ പാസായ ഐ.ടി. നിയമത്തിൽ ഭേദഗതികളോടെ 2008ലാണ് 66 എ ഉൾപ്പെടുത്തുന്നത്.

Video Stories

We use cookies to give you the best possible experience. Learn more