ശ്രീരാമന്റെ പേരില്‍ മാത്രമേ രാജ്യത്ത് ഏത് പ്രവൃത്തിയും പൂര്‍ത്തിയാക്കാന്‍ കഴിയൂ: യോഗി ആദിത്യനാഥ്
national news
ശ്രീരാമന്റെ പേരില്‍ മാത്രമേ രാജ്യത്ത് ഏത് പ്രവൃത്തിയും പൂര്‍ത്തിയാക്കാന്‍ കഴിയൂ: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 3:11 pm

ലക്‌നൗ: ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും പേരില്‍ മാത്രമേ രാജ്യത്ത് ഏത് പ്രവൃത്തിയും പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

യു.പിയിലെ ക്രമസമാധാന സ്ഥിതിയും കൊവിഡ് -19 പ്രതിസന്ധിയും സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കവെയാണ് യോഗിയുടെ ഈ പ്രസ്താവന.

രാമഭക്തരെ കണ്ടാല്‍ വെടിവെച്ച് കൊല്ലണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രാമനാമവും പരശുരാമ സ്‌തോത്രവും ജപിച്ചിരിക്കുന്നുണ്ട്. സമൂഹത്തില്‍ രാമന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ രാമന്റെ പക്ഷം ചേര്‍ന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി യെ ലക്ഷ്യമാക്കി യോഗി പറഞ്ഞു.

ഒരു കാലത്ത് റോമിലെ ഭാഷ സംസാരിച്ചിരുന്നവര്‍ ഇന്ന് രാമനാമം ഉറക്കെ വിളിക്കുന്നുണ്ട്. രാമന്‍ എന്ന പദത്തിന്റെ ശക്തി അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു.

സംസ്ഥാനത്ത് ബ്രാഹ്മണര്‍ക്കെതിരായ അതിക്രമങ്ങളെ വിമര്‍ശിക്കുകയും പരശുരാമിന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ബി.എസ്.പിയെയും സമാജ്വാദി പാര്‍ട്ടിയെയും ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ ഈ പ്രസ്താവന.

സംസ്ഥാനത്ത് ബ്രാഹ്മണര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി എസ്.പി നേതാവ് വിശദീകരണം ചോദിച്ചിരുന്നു. സംസ്ഥാനത്ത് ജാതിയുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

അവര്‍ അധികാരത്തിലിരുന്നപ്പോഴാണ് ഒരു പാവം ബി.ജെ.പി പ്രവര്‍ത്തകനെ ശിരച്ഛേദം ചെയ്തത്. കനൗജില്‍ വെച്ച് നീരജ് മിശ്രയെ കഴുത്തറുത്ത് കൊന്നത് മറന്നിട്ടില്ലല്ലോ എന്നാണ് യോഗി അതിന് മറുപടി നല്‍കിയത്.

സമൂഹത്തെ ദുരുപയോഗം ചെയ്യുകയും ജനങ്ങളില്‍ വിഷം കുത്തിവെയ്ക്കാനും ശ്രമിക്കുന്നവരാണ് ഇവര്‍. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ നടക്കാന്‍ പോകുന്നില്ല. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രാമന്റെ പേരിലാണ്. അതുകൊണ്ട് തന്നെ ആ പ്രവര്‍ത്തനങ്ങള്‍ ഒരു തടസ്സവും ഇല്ലാതെ തുടരുമെന്നും യോഗി പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


content highlights: yogi aditya nath slams oppostion for reciting ram nam