| Saturday, 24th September 2022, 8:49 am

പഴയ സിനിമകള്‍ ചവറാണെന്ന് പറയുന്നവര്‍ ഒന്നോര്‍ക്കണം നാളെ അവരും പഴയതാകും: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദീഖ്. സിനിമയിലെ പുതിയ തലമുറ പഴയ പ്രതിഭകളെ തള്ളി പറയുന്നതിനേക്കുറിച്ച് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹമിപ്പോള്‍.

”സിനിമയിലെ പുതിയ തലമുറയില്‍ എനിക്ക് തോന്നിയ ഒരു കാര്യം അവര്‍ പഴയകാല പ്രതിഭകളെ തള്ളി പറയുന്നതായാണ്. പക്ഷേ അവര്‍ ഒരു കാര്യം മനസിലാക്കണം അവര്‍ ഇന്ന് എടുക്കുന്ന സിനിമ ഈ നിലയില്‍ അല്ലായിരുന്നു.

പഴയകാല പ്രതിഭകള്‍ അതില്‍ പ്രവര്‍ത്തിച്ച് അവരുടെ ജീവന്‍ ഹോമിച്ചാണ് ഇവര്‍ ഇന്ന് കാണുന്നതൊക്കെ രൂപം കൊണ്ടത്. മലയാള സിനിമ ഇന്ന് കാണുന്നതില്‍ എത്തി നില്‍ക്കാന്‍ ഒരുപാട് പേര്‍ കാരണക്കാരായുണ്ട്.

പുതിയ വന്നവര്‍ പറയുന്നു ഇതാണ് സിനിമ അതിന് മുമ്പുള്ളത് ഒന്നും സിനിമയല്ലെന്ന്. പഴയ സിനിമകളെല്ലാം ചവറാണ് എന്ന് പറയുന്ന മാനോഭാവം വളരെ വേദനാജനകമാണ്.

അങ്ങനെ അല്ലെന്ന് അവര്‍ മനസ്സിലാക്കണം കാരണം നാളെ അവരും പഴയതാകും. അവര്‍ക്ക് ശേഷം ഒരു തലമുറ വരാന്‍ ഉണ്ട്. അവര്‍ക്ക് ഇവരോട് ബഹുമാനം തോന്നണമെങ്കില്‍ നമ്മുടെ പൂര്‍വികരോട് ബഹുമാനം കാണിക്കണം.

സിനിമ കണ്ടു പിടിച്ച ആളുമുതല്‍ ഇന്ന് എത്തി നില്‍ക്കുന്നതിലേക്ക് കൊണ്ടു വന്നതിന് പിന്നിലുള്ളവരെയെല്ലാം നമ്മള്‍ ബഹുമാനിക്കാന്‍ പഠിക്കണം. അവരോട് ബഹുമാനത്തോടെ പെരുമാറുക.

എപ്പോഴും അവരെ ഗുരുക്കന്മാരായി മനസില്‍ കാണുക. അപൂര്‍വം ചിലരെ പറയുന്നുള്ളുവെങ്കിലും നമുക്ക് പോലും വിഷമം വരും അത് കേള്‍ക്കുമ്പോള്‍. ഇന്നലെ വന്ന ഈ കുട്ടികള്‍ എത്രയോ മുമ്പ് വന്നവരെ പുച്ഛിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ വളരെ സങ്കടം തോന്നും.

അതും അവര്‍ ഒന്നോ രണ്ടോ സിനിമകള്‍ എടുത്തതിന്റെ പേരിലാണ് പഴയ പ്രതിഭകളെ തള്ളി പറയുന്നത്. അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല. അത് മാത്രമാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.

റിയലിസ്റ്റിക് മൂവീസ് ഇപ്പോള്‍ തുടങ്ങിയതല്ല. റോസി പോലുള്ള സിനിമകളില്‍ തുടങ്ങിയിട്ടുണ്ട്. അതിന് ശേഷം ഭരതന്‍ സാര്‍ വന്നു, പിന്നെ ജോര്‍ജ് സാര്‍, മോഹന്‍ സാര്‍ അങ്ങനെ എത്രയോ പ്രതിഭകള്‍ റിയലിസ്റ്റിക് സിനിമ എടുത്തു.

അന്ന് പാരലല്‍ സിനിമകള്‍ എന്നാണ് ഈ സിനിമകള്‍ അറിയപ്പെടുന്നത്. ഇവയല്ലാതെ പക്കാ റിയലിസ്റ്റിക് സിനിമകള്‍ ഉണ്ട്. അതിന് ഉദാഹരണം അടൂര്‍ സാര്‍, അരവിന്ദന്‍ എന്നിവരുടെ സിനിമകളാണ്.

കൂടാതെ ഇതിന്റെ രണ്ടിന്റെയും നടുവില്‍ നില്‍ക്കുന്ന സിനിമകളും ഉണ്ടായിരുന്നു. ആ സിനിമകളോടാണ് പുതിയ സിനിമകള്‍ക്ക് അടുപ്പം. റിയലിസം എന്നത് പുതിയ കാര്യമല്ല. പക്ഷേ അഭിനയത്തില്‍ ഒരു റിയലിസ്റ്റിക് അപ്രാച്ച് ഇപ്പോള്‍ കുറെ കൂടി വന്നിട്ടുണ്ട്.

പഴയ തരത്തിലുള്ള അഭിനയ ശൈലി മാറിയിട്ടുണ്ട്. ഒരു കഥാപാത്രം ജീവിതത്തില്‍ എങ്ങനെയാണോ റിയാക്ട് ചെയ്യുക അത് സിനിമയിലേക്ക് കൊണ്ട് വരാന്‍ അഭിനേതാക്കള്‍ ശ്രമിക്കുന്നുണ്ട്. പെര്‍ഫോമന്‍സിലാണ് കൂടുതല്‍ മാറ്റം വന്നിരിക്കുന്നത്.

അതിലാണ് റിയലിസം ഇപ്പോള്‍ കൂടുതല്‍ ഉള്ളത്. പണ്ട് അതുണ്ടായിരുന്നില്ല. അന്ന് അപൂര്‍വം സിനിമയിലാണ് റിയലിസ്റ്റിക് പെര്‍ഫോമന്‍സ് കൂടുതല്‍ വന്നിരുന്നത്. അത് കൊണ്ട് ഇപ്പോള്‍ സിനിമയിലെ പെര്‍ഫോമന്‍സിനാണ് കൂടുതല്‍ അഭിനന്ദനം കിട്ടുന്നത്.

കാരണം മറ്റേത് കണ്ട് ആളുകള്‍ക്ക് മടുത്തു. പണ്ട് നാടകത്തോടായിരുന്നു സിനിമയ്ക്ക് കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നത്. ഇന്ന് സിനിമ ജീവിതത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നു,” സിദ്ദീഖ് പറയുന്നു.

Content Highlight: Those who say old movies are rubbish, remember tomorrow they will be old says Siddique

Latest Stories

We use cookies to give you the best possible experience. Learn more