| Tuesday, 18th January 2022, 7:04 pm

പാര്‍ട്ടി വിട്ട് പോയവരെ തിരിച്ചെടുക്കില്ല: പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പാര്‍ട്ടി വിട്ട നേതാക്കളില്‍ പലരും തിരിച്ചുവരാന്‍ തയ്യാറാണെങ്കിലും അവരെ തിരിച്ചെടുക്കുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി.

കഴിഞ്ഞ മാസം പി.ഡി.പിയില്‍ വീണ്ടും ചേര്‍ന്ന മുന്‍ മന്ത്രി ഭൂഷണ്‍ ലാല്‍ ദോഗ്രയുടെ അനുയായികള്‍ ഉള്‍പ്പെടെ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നതിന് പി.ഡി.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെഹ്ബൂബ.

2018 ജൂലൈയില്‍ മെഹ്ബൂബയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിനെ തുടര്‍ന്ന് മുന്‍ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പി.ഡി.പി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.

”പാര്‍ട്ടി വിട്ട് വിട്ടുപോയവരെ തിരിച്ചെടുക്കില്ല എന്നത് ഞാനെടുത്ത് തീരുമാനമാണ്. പാര്‍ട്ടി വിട്ടുപോയ പല നേതാക്കളും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവരെ തിരികെ എടുക്കാന്‍ പോകുന്നില്ല,’ മെഹ്ബൂബ പറഞ്ഞു.

‘ദോഗ്ര എന്റെ ഇളയ സഹോദരനെപ്പോലെയാണ്, ഞാന്‍ ഏറ്റവും ബഹുമാനിക്കുന്നയാളാണ്. പാര്‍ട്ടിയില്‍ വീണ്ടും ചേരുന്നത് അസാധാരണമാണ്. അദ്ദേഹം മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിനെ പരീക്ഷണത്തിനുള്ള ലബോറട്ടറിയായി ഉപയോഗിക്കുകയാണെന്നും അതിനുപയോഗിച്ചിരുന്ന പഴയ സംസ്ഥാനത്തെ നശിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.

‘ജമ്മു കശ്മീരിനെ രക്ഷിക്കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥക്കുകയാണ്. ജമ്മു കശ്മീരിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ രാജ്യത്തേയും രക്ഷിക്കുകയാണ്. ജമ്മു കശ്മീരില്‍ നിന്നാണ് അവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ ആരംഭിച്ചത്,’ മെഹ്ബൂബ പറഞ്ഞു.

ബി.ജെ.പി ഭരണത്തിന് കീഴില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയാണെന്നും ദരിദ്രരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

രണ്ട് പ്രദേശങ്ങളും ഒരുമിച്ച് നില്‍ക്കുന്നതും പരസ്പരം വേദന മനസിലാക്കുന്നതും കാണാന്‍ പാര്‍ട്ടി സ്ഥാപകന്‍ മുഫ്തി മുഹമ്മദ് സയീദ് ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഇന്നത് സംഭവിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Those who left the party will not be taken back: PDP chairperson Mehbooba Mufti

We use cookies to give you the best possible experience. Learn more