കോഴിക്കോട്: മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥന്‍ ടി.കെ. ഹംസയല്ല അള്ളാഹുവാണെന്നും കെ.എം. ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വഖഫ് സ്വത്തുക്കളുടെ മാലിക് അള്ളാഹുവാണ്. വഖഫില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ. ഹംസ സംഭാവന നല്‍കിയിട്ടുണ്ട്. അങ്ങനെ നല്‍കാന്‍ ടി.കെ. ഹംസക്ക് എന്താണ് അധികാരം. സംഭാവന നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അരിയും പഞ്ചസാരയും മറിച്ചുവിറ്റവര്‍ക്ക് അത് നല്‍കിയതാണ് പ്രശ്നം. വഖഫിന്റെ സ്വത്ത് വിനിയോഗിക്കുന്നതില്‍ നിബന്ധനകളുണ്ട്. അതനുസരിച്ച് മാത്രമെ അവ വിനിയോഗിക്കാവൂ’, കെ.എം. ഷാജി പറഞ്ഞു.
ഏതെങ്കിലും പ്രാദേശിക പ്രശ്നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണ് ചെയ്യുന്നത്. തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ കാണാം. ഈ പ്രദേശങ്ങളിലെയെല്ലാം മുസ്‌ലിം കുടുംബങ്ങളില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് പോയിട്ടുള്ള കുട്ടികള്‍ മതത്തില്‍ നിന്നും കൂടിയാണ് പോയിട്ടുള്ളത്.
ഈ സാഹചര്യം അനുവദിക്കാന്‍ പാടില്ല. സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെല്ലാം നശിച്ചുപോവുകയാണ് ചെയ്തിട്ടുള്ളത്. മലബാറിലെയും തെക്കന്‍ ജില്ലകളിലെയും ഈഴവ സമുദായത്തെ നിരീക്ഷിച്ചാല്‍ അത് മനസ്സിലാകും. തെക്കന്‍ ജില്ലകളില്‍ ഈഴവ സമുദായം വിദ്യാഭ്യാസപരമായി മുന്നേറിയപ്പോള്‍ മലബാറിലെ ഈഴവര്‍ ഇപ്പോഴും സി.പി.എമ്മിന്റെ തല്ലുകൊള്ളികളാണെന്നും കെ.എം. ഷാജി പറഞ്ഞു.
അധികാരത്തില്‍ വരുമ്പോഴൊക്കെ ഇടതുപക്ഷത്തിന് മുസ്‌ലിം സുദായത്തോട് എന്താണിത്ര ചൊറിച്ചിലെന്നും കെ.എം. ഷാജി ചോദിച്ചു. സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി സര്‍വ്വകലാശാലയില്‍ ജോലി ലഭിച്ചത് മുസ്‌ലിം ലീഗ് പോരാട്ടം നടത്തി നേടിത്തന്ന സാമുദായിക സംവരണത്തിന്റെ ഫലമാണ്. അതിന് നിങ്ങള്‍ക്ക് നന്ദിയില്ലെങ്കിലും ഞങ്ങള്‍ക്ക് അതില്‍ പരിഭവമില്ല. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് അഴിമതി ഇല്ലാതാക്കാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഈ നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പ് സംഘമാണ് ഇന്ന് പി.എസ.്സി. വഖഫ് വിഷയം മുസ്‌ലിം ലീഗിന്റെ മാത്രം പ്രശ്നമല്ല. മുസ്‌ലിം സമുദായത്തിന്റെ മുഴുവന്‍ പ്രശ്നമാണ്. അതില്‍ സുന്നിയും മുജാഹിദുമെല്ലാമുണ്ട്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സി.പി.ഐ.എം. ശ്രമിക്കുന്നത്. എന്നാല്‍ മുസ്‌ലിം ലീഗിന്റെ പതാകക്ക് കീഴില്‍ നിന്നും സുന്നികളെയും മുജാഹിദുകളെയും വേര്‍തിരിക്കാന്‍ കഴിയില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു.
ഈ വിവാദങ്ങളെല്ലാം ഒരു തരത്തില്‍ ഇപ്പോള്‍ സമുദായത്തിന് ഗുണം ചെയ്തിരിക്കുകയാണ്. എന്താണ് വഖഫ് എന്നും വഖഫ് സ്വത്തിന്റെ വിനിയോഗം എങ്ങനെയാണെന്നും പഠിക്കാന്‍ ഈ വിവാദങ്ങളെല്ലാം കാരണമായിട്ടുണ്ട്. മാത്രവുമല്ല മാര്‍ക്സിസവും കമ്മ്യൂണിസവുമെല്ലാം മത വിരുദ്ധവും ഇസ്‌ലാം വിരുദ്ധവുമാണെന്നും മനസ്സിലാക്കാനും ഇതുകൊണ്ടായി. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനാണ് സി.പി.ഐ.എമ്മും സര്‍ക്കാറും ശ്രമിക്കുന്നത്. ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ വാക്കല്ല ഞങ്ങള്‍ക്കാവശ്യം. നിയമസഭയില്‍ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കെ.എം. ഷാജി കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പറഞ്ഞു.