ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നോട്ടുനിരോധനകാലത്ത് പണത്തിനായി വരി നിന്നവര്‍ ഇപ്പോള്‍ അവരുടെ അവകാശങ്ങള്‍ക്കായി വരി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കലാപം നടത്തുന്നവര്‍ സര്ക്കാരില്ത്തന്നെയാണുള്ളത്. സര്ക്കാരിലുള്ളവര്ക്കു മാത്രമേ കലാപങ്ങള്‍ കൊണ്ടു നേട്ടമുണ്ചാരൂ. ബി.ജെ.പി ജനങ്ങളെ ഭയപ്പെടുത്താന്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. യഥാര്‍ഥ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
സമ്പദ് വ്യവസ്ഥ നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. തൊഴിലില്ലായ്മ എക്കാലത്തെയും വലിയ അവസ്ഥയിലാണ്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ഈ വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ്.’- അഖിലേഷ് ആരോപിച്ചു.
രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും രക്തം ഇന്ത്യന്‍ മണ്ണിലുണ്ടെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തേ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പേരെടുത്തു പറയാതെയായിരുന്നു റാവത്തിന്റെ പരാമര്‍ശം.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ബി.ജെ.പി ഹിന്ദു-മുസ്ലിം വിഭജനമുണ്ടാക്കാന്‍ നോക്കുകയാണെന്നായിരുന്നു അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നത്.
‘നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, പക്ഷേ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം. അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അവര്‍ വീണ്ടും കശ്മീരിലേക്ക് പോയിട്ടുണ്ടോ?’, സഞ്ജയ് റാവത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററില്‍ ചോദിച്ചിരുന്നു.