| Sunday, 15th May 2022, 12:15 pm

'അമ്മയില്‍ നിന്ന് രാജിവെച്ചവരെ തിരിച്ചുകൊണ്ടുവരണം; കുറ്റാരോപിതര്‍ക്കെതിരെ എടുത്തുചാടി നടപടിയെടുക്കാന്‍ കഴിയില്ല': ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ചവരെ തിരികെ കൊണ്ടുവരണമെന്ന് നടന്‍ ആസിഫ് അലി. ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ല്‍ നടി അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യവുമായി നടി പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. ആവശ്യത്തില്‍ അമ്മ ഭാരവാഹികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവരും അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു.

ആവശ്യമുന്നയിച്ച് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നടപ്പിലാകാനിരിക്കെ അമ്മയില്‍ നിന്നും പുറത്തുപോയവരെ തിരികെ കൊണ്ടുവരണമെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ആസിഫ് അലി പറഞ്ഞു. സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമയില്‍ സജീവമാണെന്നും ആസിഫ് പറഞ്ഞു.

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വന്ന മീ ടു പരാതിയില്‍ അമ്മയിലെ നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും എടുത്തുചാടി നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി നിലപാട് വ്യക്തമാക്കിയത്.

കുറ്റവും ശിക്ഷയുമാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. ആസിഫ് അലി- രാജീവ് രവി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ മെയ് 27നാണ് തിയേറ്റുകളിലെത്തുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ്, കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍.

മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം. സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Content Highlight: ‘Those who have resigned from AMMA must be brought back says Asif Ali

We use cookies to give you the best possible experience. Learn more