| Sunday, 4th December 2022, 10:14 pm

'പുരുഷന്മാരൊന്നുമില്ലേ?'; സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഇസ്‌ലാമിനെ ദുര്‍ബലപ്പെടുത്തുമെന്ന് അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം സ്ത്രീകളെ രൂക്ഷമായി വിമര്‍ശിച്ച് അഹമ്മദാബാദ് ജുമാ മസ്ജിദ് ഷാഹി ഇമാം ഷാബിര്‍ അഹമ്മദ് സിദ്ദീഖി (Shabbir Ahmed Siddiqui).

മുസ്‌ലിം സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ ഇസ്‌ലാമിന് എതിരാണെന്നും, അവര്‍ മതത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇസ്‌ലാമില്‍ നിസ്‌കാരത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. ഇവിടെ ഏതെങ്കിലും സ്ത്രീകള്‍ നിസ്‌കരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് പൊതു സമൂഹത്തില്‍ വരാന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് നിസ്‌കരിക്കാനും കഴിയുമായിരുന്നു. ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനമുള്ളതിനാലാണ് അവരുടെ പള്ളിയിലെ നിസികാരം നിഷിദ്ദമാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നവര്‍ ഇസ്‌ലാമിന് എതിരാകുന്നത്,’ ഇമാം ഷാബിര്‍ അഹമ്മദ് സിദ്ദീഖി പറഞ്ഞു.

പുരുഷന്മാരൊന്നും ഇല്ലാഞ്ഞിട്ടാണോ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുന്നത്? ഇത് മതത്തെ ദുര്‍ബലപ്പെടുത്തും. നിങ്ങള്‍ സ്ത്രീകളെ എം.എല്‍.എയും കൗണ്‍സിലറുമാക്കിയാല്‍ ഞങ്ങള്‍ക്ക് ഹിജാബിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും കര്‍ണാടക ഹിജാബ് വിവാദത്തെ പരാമര്‍ശിച്ചുകൊണ്ട് ഇമാം പറഞ്ഞു.

സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്ന വിഷയത്തില്‍ രാഷ്ടീയ പാര്‍ട്ടികള്‍ നിസ്സഹായരാണെന്നും, സംവരണ സീറ്റുകള്‍ നിയമപ്രകാരം അവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളായ സ്ത്രീകള്‍ മതം നോക്കാതെ വീടുവീടാന്തരം സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിക്കേണ്ടിവരും. അതുകൊണ്ടാണ് ഞാനതിനെ ശക്തമായി എതിര്‍ക്കുന്നത്. നിങ്ങള്‍ പുരുഷന്മാര്‍ക്ക് സീറ്റുകള്‍ നല്‍കുക.

ഇക്കാലത്ത് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വാധീനമുള്ളതുകൊണ്ടാണ് അവര്‍ക്ക് സീറ്റ് നല്‍കുന്നത്. ആയതിനാല്‍, സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ മുഴുവന്‍ കുടുംബവും അതില്‍ പങ്കാളികളാകും. മറ്റൊരു കാരണവും ഞാന്‍ അതിന് കാണുന്നില്ല,’ എന്നും ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ വനിതാ സ്ഥാനാര്‍ത്ഥികളെ ഉദാഹരിച്ചുകൊണ്ട് ഇമാം ഷാബിര്‍ അഹമ്മദ് സിദ്ദീഖി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടിങ് ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് മതപരുഹിതന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

ഗുജറാത്തിലെ ജനസംഖ്യയില്‍ പത്ത് ശതമാനം മുസ്‌ലീങ്ങളാണുള്ളത്. എന്നാല്‍, നിയസഭയില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രാധിനിധ്യം പൂജ്യമാണ്.

Content Highlight: Those who give election tickets to Muslim women are against Islam: Shabbir Ahmed Siddiqui, Shahi Imam of Jama Masjid in Ahmedabad

We use cookies to give you the best possible experience. Learn more