| Friday, 26th May 2023, 8:23 pm

ജനാധിപത്യത്തിന്റെ ആത്മാവ് മനസിലാകാത്തവര്‍ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നു; പ്രതിപക്ഷത്തിന് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍ അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാടിനെതിരെ കത്തെഴുതി മുന്‍ സൈനിക ഉദ്യോഗസ്ഥരും അക്കാദമിക രംഗത്തെ വിദഗ്ദരും. പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്‌കരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ജനാധിപത്യത്തിന്റെ ആത്മാവ് മനസിലാകുക എന്ന് കത്തില്‍ പറയുന്നു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ജനാധിപത്യത്തിന്റെ ആത്മാവ് മനസിലാകുക. അവര്‍ അവരുടെ സ്ഥിരം അജണ്ടയായ ജനാധിപത്യ വിരുദ്ധ നയങ്ങളും ബഹിഷ്‌കരണവും പിന്തുടരുകയാണ്. ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ എണ്ണം അലോസരപ്പെടുത്തുന്നതാണ്,’ കത്തില്‍ പറയുന്നു.

മുന്‍ എന്‍.ഐ.എ ഡയറക്ടര്‍ യോഗേഷ് ചന്ദര്‍ മോദി, മുന്‍ ഡി.ജി.പിമാരായ എസ്.പി. വൈദ്, ബി.എല്‍, വോഹ്‌റ, വിക്രം സിങ്, മുന്‍ അംബാസഡര്‍മാരായ ഭാസ്‌വതി മുഖര്‍ജി, നിരഞ്ജന്‍ ദേശായി, വീരേന്ദര്‍ ഗുപ്ത, ജെ.എസ്. സപ്‌റ, റിട്ടയര്‍ഡ് ഐ.എ.എസ് ഓഫീസര്‍ ഗോപാല്‍ കൃഷ്ണ, ദീപക് സിങ്ങല്‍, സി.എസ്. കെജ്‌രിവാള്‍ എന്നിങ്ങനെ 270 കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളാണ് കത്തയച്ചത്.

മുന്‍ കാലങ്ങളില്‍ പ്രതിപക്ഷവും കോണ്‍ഗ്രസും ബഹിഷ്‌കരിച്ച നാല് പരിപാടികളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാജ്യത്തിനാകെ അഭിമാന നിമിഷമാണെന്നും കത്തില്‍ പറയുന്നു.

‘ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും ജനാധിപത്യവിരുദ്ധമാണ്. അവരുടെ ദുരഭിമാനം എല്ലായ്‌പ്പോഴും രാജ്യത്തിന്റെ പുരോഗതിക്ക് തടസമാണ്,’ കത്തില്‍ പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്.

നിലവില്‍ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ജെ.ഡി.യു, ഡി.എം.കെ, എസ്.പി, ശിവസേന ഉദ്ധവ് വിഭാഗം, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെ.എം.എം, എന്‍.സി, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, വി.സി.കെ, എം.ഡി.എം.കെ എന്നീ പാര്‍ട്ടികളാണ് ബഹിഷ്‌കരിച്ചത്.

അതേസമയം ബിജു ജനദാതള്‍, വൈ.എസ്.ആര്‍.സി.പി, ജെ.ഡി.എസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

content highlight: Those who do not understand the spirit of democracy boycott the inauguration of Parliament; 270 prominent people have sent a letter to the opposition

We use cookies to give you the best possible experience. Learn more