| Wednesday, 12th October 2022, 4:43 pm

ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ 'ഇനി പാര്‍ട്ടിയില്‍ വേണ്ട'; ഡി.സി.സി യോഗത്തില്‍ കടുത്ത നിലപാടെടുത്ത് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എറണാകുളം ഡി.സി.സി യോഗത്തിലായിരുന്നു വി.ഡി. സതീശന്റെ പരാമര്‍ശം.

എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാക്കളക്കം രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്‍ ഡി.സി.സി യോഗത്തില്‍ കടുത്ത നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പങ്കെടുക്കാത്തവര്‍ എന്തിനാണ് ഇനി പാര്‍ട്ടിയില്‍ എന്ന് വി.ഡി. സതീശന്‍ ഡി.സി.സി യോഗത്തില്‍ ആരാഞ്ഞു.

നിലവില്‍ കര്‍ണാടകയിലാണ് ജോഡോ യാത്ര പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ 30നാണ് യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചത്. 21 ദിവസമാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം നടത്തുക. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി രാഹുലും സംഘവും സഞ്ചരിക്കും.

അതേസമയം, കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11നാണ് കേരളത്തില്‍ പ്രവേശിച്ചത്. 19 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 450 കിലോമീറ്ററാണ് യാത്ര പര്യടനം നടത്തിയത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിലൂടെ യാത്ര കടന്നു പോയി. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടായിരുന്നു. ആവേശജ്ജ്വലമായ സ്വീകരണങ്ങളാണ് രാഹുല്‍ ഗാന്ധിക്ക് യാത്രയിലൂടനീളം ലഭിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് നല്‍കാന്‍ ജോഡോ യാത്രയ്ക്ക് കഴിഞ്ഞുവെന്നാണ് നേതാക്കള്‍ കേരള പര്യടനത്തിന് ശേഷം പ്രതികരിച്ചത്.
ആകെ 3,571 കിലോമീറ്റര്‍ ദൂരമാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടക്കുന്നത്.

Content Highlight: Those who did not participate in the Jodo Yatra are no longer in the party says Congress Leader VD Satheesan in the DCC meeting

We use cookies to give you the best possible experience. Learn more