| Monday, 21st February 2022, 2:49 pm

എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സര്‍വസമ്മതരാണ്: സി.പി.ഐ.എം നേതൃത്വത്തിനെതിരെ യു. പ്രതിഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി യു. പ്രതിഭ എം.എല്‍.എ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്ന് പ്രതിഭ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഭ വിമര്‍ശനമുന്നയിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത് കായംകുളത്ത് നിന്നാണെന്ന് പ്രതിഭ പറയുന്നു.

കായംകുളത്തെ ചിലര്‍ക്കെങ്കിലും താന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നെന്നും പോസ്റ്റില്‍ പറയുന്നു.

തന്നെ തോല്‍പ്പിക്കാന്‍ പ്രര്‍വത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നത് ദുരൂഹമാണെന്ന് പ്രതിഭ പറഞ്ഞു.

‘അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല..ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്,’ പ്രതിഭ ആരോപിച്ചു.

തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ സര്‍വസമ്മതരായി പാര്‍ട്ടിയിലുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

‘എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായി നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ മെമ്പറായി പ്രവര്‍ത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുക്കുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല,’ പ്രതിഭ കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തതിനെ കുറിച്ച് വിമര്‍ശനവുമായി യു. പ്രതിഭ നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാര്യം പറയാനല്ല ഫോണ്‍ വിളിക്കുന്നതെന്നും തിരിച്ചുവിളിക്കുന്ന മന്ത്രിമാര്‍ കുറവാണെന്നുമാണ് യു. പ്രതിഭ പറഞ്ഞിരുന്നത്.

പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്നായിരുന്നു പ്രതിഭ പറഞ്ഞത്.

പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്.

ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്. എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു.

ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല.. ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്.

കേരള നിയമസഭയില്‍ കായംകുളത്തെ ആണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ്ണ മെമ്പറായി പ്രവര്‍ത്തനം ആരംഭിച്ച എനിക്ക്. ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.


Content Highlights: Those who conspired against me are still unanimous in the party: the U.Prathibha against the CPIM

We use cookies to give you the best possible experience. Learn more