'നിങ്ങള്‍ പാകിസ്താന്‍കാരാണോ? ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കീ ജയ് വിളിക്കണം'; മുദ്രാവാക്യം ഏറ്റുവിളിക്കാത്ത വോട്ടര്‍മാരോട് കോപാകുലയായി സൊനാലി ഫോഗട്ട്
national news
'നിങ്ങള്‍ പാകിസ്താന്‍കാരാണോ? ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കീ ജയ് വിളിക്കണം'; മുദ്രാവാക്യം ഏറ്റുവിളിക്കാത്ത വോട്ടര്‍മാരോട് കോപാകുലയായി സൊനാലി ഫോഗട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2019, 9:15 pm

ഭാരത് മാതാ കീ ജയ് വാക്യം ഏറ്റുവിളിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ഹരിയാനയിലെ ബി.ജെ.പിയുടെ ടിക്ടോക്ക് താരമായിരുന്ന സ്ഥാനാര്‍ത്ഥി. യാതൊരു വിലയുമില്ലാത്തവരാണ് ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാത്തവരെന്നാണ് സൊനാലി ഫോഗട്ട് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്‌ണോയിയെയാണ് ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സൊനാലി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനാണ് കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്‌ണോയി.

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തോടെയാണ് സൊനാലി ബാല്‍സമന്ത് ഗ്രാമത്തിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്. മുദ്രാവാക്യത്തോട് ചിലര്‍ പ്രതികരിച്ചില്ല. സദസിലെ നിശടബ്ദത ശ്രദ്ധിച്ച സൊനാലി മുദ്രാവാക്യം ഏറ്റുവിളിക്കാത്തവര്‍ക്കെതിരെ രോഷാകുലയാവുകയും മുദ്രാവാക്യം വിളിക്കാന്‍ മടിയുള്ളവര്‍ക്ക് സ്വയം ലജ്ജ തോന്നട്ടെ എന്ന് ആക്രോശിക്കുകയും ചെയ്തു.

‘നിങ്ങളെല്ലാവരും പാകിസ്താനില്‍നിന്നുള്ളവരാണോ? നിങ്ങള്‍ ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കീ ജയ് ഏറ്റുവിളിക്കണം’, സൊനാലി വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.

തുടര്‍ന്നും ചിലര്‍ മുദ്രാവാക്യം വിളിക്കാത്തതോടെ സൊനാലി രൂക്ഷമായ ഭാഷയില്‍ ദേഷ്യപ്പെടുകയായിരുന്നു.’ ഞാന്‍ നിങ്ങളുടെ മേല്‍ ലജ്ജ തോന്നുന്നു. നിങ്ങളെപ്പോലെ ചീഞ്ഞ രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തിന് ജയ് വിളിക്കാത്ത ചില ഇന്ത്യക്കാരെയോര്‍ത്ത് എനിക്ക് നാണക്കേട് അനുഭവപ്പെടുന്നു. ഭാരത് മാതാവിന് ജയ് വിളിക്കാത്ത ആരുടെ വോട്ടിന് പുല്ലുവിലപോലും ഇല്ല’, സൊനാലി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് നിങ്ങളെയോര്‍ത്ത് തന്നെ അപമാനം തോന്നട്ടെയെന്നും ടിക് ടോക്ക് താരം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അദാംപൂര്‍ മണ്ഡലത്തിലാണ് സോനാലി മത്സരിക്കുന്നത്. ഹിന്ദു മതത്തിലെ തന്നെ ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്.

രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ അധികം വൈകാതെ സോനാലി ബി.ജെ.പി വനിതാ സെല്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

അപ്പോഴും സോനാലി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബി.ജെ.പി ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ ടിക് ടോക്ക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.