ദിസ്പൂർ: 2015ന് ശേഷം ഇന്ത്യയിലേക്ക് വന്നവരെ പൗരത്വ ഭേദഗതി നിയമപ്രകാരം നാടുകടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമങ്ങൾ വിജ്ഞാപനം ചെയ്ത് നാല് മാസത്തിന് ശേഷം എട്ട് പേർ മാത്രമാണ് പൗരത്വത്തിന് അപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിൽ തന്നെ രണ്ടു പേർ മാത്രമാണ് അഭിമുഖത്തിനെത്തിയതെന്നും ഹിമന്ത പറഞ്ഞു.
‘2015-ന് മുമ്പ് ഇന്ത്യയിൽ വന്നിട്ടുള്ള ആർക്കും ( സി.എ.എ പ്രകാരം) പൗരത്വത്തിന് അപേക്ഷിക്കാനുള്ള ആദ്യ അവകാശമുണ്ട്. അവർ അപേക്ഷിച്ചില്ലെങ്കിൽ ഞങ്ങൾ അവർക്കെതിരെ കേസ് കൊടുക്കും. 2015 ന് ശേഷം വന്നവരെ ഞങ്ങൾ നാട് കടത്തും,’ ഹിമന്ത പറഞ്ഞു.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിൻ്റെ സി.എ.എ നിയമങ്ങളുടെ വിജ്ഞാപനത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ അനുസരിച്ച്, അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ എന്നീ ആറ് മതന്യൂനപക്ഷങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്കാണ് ഇന്ത്യയിൽ പൗരന്മാരായി തുടരാൻ അനുവാദമുള്ളത്.
ഫോറിനേഴ്‌സ് ട്രിബ്യൂണലിലെ നടപടികൾ രണ്ടോ മൂന്നോ മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും പൗരത്വത്തിന് അപേക്ഷിക്കാൻ ആളുകൾക്ക് സി.എ.എ പ്രകാരം അവസരം നൽകണമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഗുവാഹത്തി, ബാർപേട്ട, ലഖിംപൂർ, നാൽബാരി, ദിബ്രുഗഡ്, ദിസ്പൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ നിയമത്തിൻ്റെ പകർപ്പുകൾ കത്തിച്ചുകൊണ്ട് ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയനും 30 തദ്ദേശീയ സംഘടനകളും സി.എ.എക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു.
Content Highlight: those who came after 2015 would be deported as per the Citizenship Amendment Act rulesa: Himantha biswa sharma