|

പേടിപ്പെടുത്തുന്ന പ്രവൃത്തി; ജബല്‍പൂരില്‍ വൈദികരെ മര്‍ദിച്ചവരെ പിടികൂടണം: ആക്രമിക്കപ്പെട്ട മലയാളി വൈദികന്റെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ജബല്‍പൂരില്‍ വിശ്വാസികളെ ബജ്‌രംഗ് ദൾ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് ആക്രമിക്കപ്പെട്ട മലയാളി വൈദികന്റെ കുടുംബം. വൈദികരെ അടക്കം മര്‍ദിച്ച പ്രതികളെ പിടികൂടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശിയായ ഫാദര്‍ ഡേവിഡ് ജോര്‍ജാണ് ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ടത്. സേവനം ചെയ്യുന്ന മനുഷ്യര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് പേടിപ്പെടുത്തുന്ന വിഷയമാണെന്നും ഡേവിഡ് ജോര്‍ജിന്റെ സഹോദരന്‍ പ്രതികരിച്ചു.

കഴിഞ്ഞ നാലര പതിറ്റാണ്ടായി ഫാദര്‍ ഡേവിഡ് ജോര്‍ജ് മാധ്യമപ്രദേശിലെ ക്രൈസ്തവ സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. മലയാളി വൈദികനും വിശ്വാസികള്‍ക്കും നേരെയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനുപിന്നാലെ രൂക്ഷമായ പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നത്. നിലവില്‍ വൈദികനെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ ജില്ലയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദറാണ് ഇക്കാര്യം അറിയിച്ചത്.

തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിലുള്ള സംഘം വൈദികന്റെ വീട്ടിലെത്തി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതേസമയം ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ (വെള്ളി)യാണ് ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ജബല്‍പൂര്‍ നഗരത്തില്‍ രണ്ട് കത്തോലിക്ക പുരോഹിതന്മാര്‍ക്കെതിരെ അഞ്ച് ദിവസം മുമ്പാണ് തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മാര്‍ച്ച് 31നാണ് സംഭവം നടന്നത്.

ജബല്‍പൂര്‍ അതിരൂപതയുടെ വികാരി ജനറലായ ഫാദര്‍ ഡേവിസ് ജോര്‍ജിനും രൂപത പ്രൊക്യുറേറ്ററായ ഫാദര്‍ ജോര്‍ജ് തോമസിനും വിശ്വാസികള്‍ക്കുമാണ് മര്‍ദനമേറ്റത്. മാണ്ട്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്കാ തീര്‍ത്ഥാടകര്‍ 2025 ജൂബിലിയുടെ ഭാഗമായി ജബല്‍പൂരിലെ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുകയായിരുന്നു.

ഈ സമയം ബജ്‌രംഗ് ദൾ സംഘം തടഞ്ഞുനിര്‍ത്തി വിശ്വാസികള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇവരെ ഒംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും മറ്റൊരു പള്ളിയില്‍ വെച്ച് വീണ്ടും തടഞ്ഞുനിര്‍ത്തി ബജ്‌രംഗ് ദൾ സംഘം വിശ്വാസികളെ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് ഇവരെ സഹായിക്കാനെത്തിയതാണ് ഫാദര്‍ ഡേവിസും രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജും. എന്നാല്‍ വൈദികര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് ഇടപെട്ട് പുരോഹിതന്മാരെയും തീര്‍ത്ഥാടകരെയും മോചിപ്പിച്ച് മാണ്ട്‌ലയിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ചെയ്തത്.

Content  Highlight: Those who beat up priests in Jabalpur should be arrested: Family of attacked Malayali priest