ആലപ്പുഴ: മുനമ്പം വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് ലത്തീന്‍ സഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജീവനാദ’ത്തിന്റെ പുതിയലക്കം മുഖപ്രസംഗത്തിലൂടെയാണ് രൂക്ഷവിമര്‍ശനം. ഇതര കത്തോലിക്കാ സഭകളെയും മുഖപ്രസംഗം പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
വഖഫ് നിയമ ഭേദഗതിയുടെ ഉദ്ദേശത്തിൽ ആശങ്കയുയർത്തുന്ന എഡിറ്റോറിയലിൽ ബില്ലുമായി ബന്ധപ്പെട്ട 655 പേജുള്ള ജെ.പി.സി റിപ്പോർട്ടിൽ ഒരിടത്തും മുനമ്പം പരാമർശിക്കപ്പെട്ടിരുന്നില്ലെന്ന് പറയുന്നു. മുൻകാല പ്രാബല്യമില്ലാത്തതാണ് 2025ലെ വഖഫ് ഭേദഗതി നിയമം എന്ന് ആദ്യന്തരമന്ത്രി അമിത് ഷായും മന്ത്രി റിജിജുവും ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചപ്പോൾതന്നെ വ്യക്തമാക്കിയിരുന്നുവെന്നും എഡിറ്റോറിയലിൽ കൂട്ടിച്ചേക്കുന്നുണ്ട്.
മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ്‌ലിം സംഘര്‍ഷവിഷയമാക്കി കത്തിച്ചുനിര്‍ത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് വിവേകമുളളവരെല്ലാം പറഞ്ഞിരുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു.
‘മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ്‌ലിം സാമുദായിക സംഘര്‍ഷ വിഷയമാക്കി കത്തിച്ചുനിര്‍ത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്ന് വിവേകമുള്ളവരെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നതാണ്. കേരളത്തിന്റെ മലയോര കുടിയേറ്റ മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായതുപോലെ തീരപ്രദേശത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാന്‍ മുനമ്പം കളമൊരുക്കുമെന്ന ഉമ്മീദില്‍ ഊറ്റംകൊള്ളുന്നവര്‍ പുതുമഴയിലെ ഈയാമ്പാറ്റകളെപോലെ ഈ കടപ്പുറത്തുതന്നെ അടിഞ്ഞുകൂടുന്നതു കാണാന്‍ എത്രകാലം വേണം,’ എഡിറ്റോറിയൽ വിമർശിക്കുന്നു.
മുനമ്പം പ്രശ്നത്തിന് പ്രതിവിധിയായി ബില്ലിൽ നിർദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് മുനമ്പം പ്രദേശം ഉൾപ്പെടുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് എം.പി ഹൈബി ഈഡൻ ലോക്സഭയിലെ ചർച്ചയ്ക്കിടെ എടുത്തുചോദിക്കുന്നുണ്ട്. അമിത് ഷായോ റിജിജുവോ അതിനു മറുപടി പറഞ്ഞില്ലെന്നും കേരളത്തിൽ നിന്നുള്ള ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോർജ് കുര്യനെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതായിരുന്നുവെന്നും ‘ഉമ്മിദിലെ നിയ്യത്ത്’ എന്ന എഡിറ്റോറിയലിൽ പറയുന്നു.
മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി അധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലീമീസും സി.ബി.സി.ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും വഖഫ് ഭേദഗതി ബില്‍ പുനപരിശോധിക്കാന്‍ ചുമതലപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിക്ക് നിവേദനമയച്ചിരുന്നു. ജെ.പി.സിയുടെ ഭേദഗതികള്‍ അടങ്ങിയ ബില്‍ ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോഴും കെ.സി.ബി.സിയും സി.ബി.സി.ഐയും ഇറക്കിയ പ്രസ്താവനകള്‍ അനുസ്മരിച്ച് മുനമ്പത്തെ ‘ക്രൈസ്തവരുടെ പ്രശ്‌നം’ ഹൈലൈറ്റ് ചെയ്‌തെന്നും എഡിറ്റോറിയൽ പരിഹസരൂപേണ പറയുന്നു.
വഖഫ് ബോര്‍ഡുകള്‍ മതപരമായ കാര്യങ്ങള്‍ക്കായുള്ളതല്ല, ആസ്തികളുടെ ലാഭകരമായ വിനിയോഗം ഉറപ്പുവരുത്തേണ്ട സ്റ്റാറ്റിയൂട്ടറി സംവിധാനമാണ്. അവയില്‍ അമുസ്‌ലിങ്ങളുടെ സാന്നിധ്യമുണ്ടാകുന്നത് കൂടുതല്‍ സുതാര്യതയ്ക്കു സഹായകമാകുമെന്നാണ് മന്ത്രി റിജിജു വാദിക്കുന്നതെന്നും ലേഖനം പറയുന്നുണ്ട്.
സിദ്ധാര്‍ഥ ഗൗതമന് ബോധോദയം ഉണ്ടായ ബോധിവൃക്ഷമുള്ള ബിഹാറിലെ ബോധ്ഗയയിലെ മഹാബോധി മഹാവിഹാരം ലോകത്തിലെ ബുദ്ധമതക്കാരുടെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമാണ്. അവിടെ ഒമ്പതംഗ ഭരണസമിതിയില്‍ അഞ്ചുപേര്‍ ബ്രാഹ്മണരാണ്. ബുദ്ധമതവിശ്വാസത്തിന് വിരുദ്ധമായി മഹാവിഹാരത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും, ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി വ്യാഖ്യാനിച്ച് ഹൈന്ദവ പൂജ നടത്തുകയും ചെയ്യുന്നവരെ പുറത്താക്കി സമുച്ചയത്തിന്റെ മേല്‍നോട്ടച്ചുമതല ബുദ്ധമതക്കാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ബുദ്ധിസ്റ്റ് ഫോറം കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച മഹാബോധി മുക്തി ആന്ദോളന്‍ സത്യഗ്രഹ സമരം ഇപ്പോഴും തുടരുകയാണ്.
ബുദ്ധമതക്കാരനായ മന്ത്രി റിജിജുവിന് സ്വന്തം ന്യൂനപക്ഷ സമുദായത്തിന്റെ കാര്യത്തിലല്ല വേവലാതിയെന്നും രാജ്യത്തെ പാവപ്പെട്ട മുസ്‌ലിം സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട പസ്മന്ത വിഭാഗക്കാരുടെയും താല്പര്യം സംരക്ഷിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രത്തില്‍ ഒരു മുസ്‌ലിം മന്ത്രി പോയിട്ട്, ആ വിഭാഗത്തിലെ ഒരു എം.പി പോലുമില്ലാത്ത ചരിത്രസംയോഗത്തിലാണല്ലോ രാരാജ്യമിപ്പോഴെന്നും ലേഖനം വിമർശിക്കുന്നുണ്ട്.
അതേസമയം, എഡിറ്റോറിയലിനെതിരെ തിവ്ര ക്രിസ്‌ത്യൻ സംഘടനയായ കാസ രംഗത്തുവന്നു. മുസ്‌ലിം ലീഗുകൾ എഴുതിത്തന്ന ലേഖനം വരാപ്പുഴ രൂപതയുടെ മാഗസിനിൽ നിന്നും പിൻവലിക്കണമെന്നും സ്വന്തം ജനത്തെ ഒറ്റുകൊടുക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ‘കാസ’ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Content Highlight: Those who are exploiting the Munambam land issue by spreading hatred and turning it into a Christian-Muslim conflict and exploiting it politically should be identified: Latin Church