| Thursday, 13th October 2022, 4:36 pm

കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എനിക്ക് വോട്ട് ചെയ്യേണ്ട: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

2014, 2019 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നതായും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഖാര്‍ഗെയ്ക്കും തനിക്കുമിടയില്‍ യാതൊരു ശത്രുതയുമില്ല. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയിലാണ് തങ്ങള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്.

അതേസമയം, ഖാര്‍ഗെയ്ക്കായി പാര്‍ട്ടിയിലെ നേതാക്കള്‍ രംഗത്തിറങ്ങുന്നതിലുള്ള അതൃപ്തിയും തരൂര്‍ പ്രകടമാക്കി. ഖാര്‍ഗെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും ചില നേതാക്കള്‍ അത്തരത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അത് ന്യായമല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ഖാര്‍ഗെക്ക് വേണ്ടി മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പരസ്യമായി പ്രചരണ രംഗത്തെത്തിയതാണ് തരൂരിനെ അതൃപ്തനാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ വാശിയേറിയ പ്രചരണമാണ് സ്ഥാനാര്‍ഥികള്‍ നടത്തുന്നത്. 16 ദിവസം 12 നഗരങ്ങള്‍ എന്ന നിലയിലാണ് ശശി തരൂര്‍ പ്രചരണം തുടരുന്നത്. ഇതിനെ മറികടന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആറ് ദിവസം കൊണ്ട് 12 നഗരങ്ങളിലെത്തി വോട്ട് തേടി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്നത് ശശി തരൂരായാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയായാലും കോണ്‍ഗ്രസ് കുടുംബത്തിന്റെ ‘റിമോട്ട് കണ്‍ട്രോളില്‍’ ആയിരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുവരും ഔന്നത്യവും അറിവുമുള്ള നേതാക്കളാണ്. അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്നയാള്‍ ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് പറയുന്നത് അവരെ അപമാനിക്കുന്നത് പോലെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: Those who are completely satisfied with the current state of Congress should not vote for me says Shashi Tharoor

We use cookies to give you the best possible experience. Learn more