മുംബൈ: തന്റെ ആശയങ്ങളോട് വിയോജിപ്പുള്ളവര്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ പുതിയ ഓഫീസില്‍ ശരദ് പവാറിന്റെ ഫോട്ടോ വെച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആശയങ്ങള്‍ക്ക് എതിരായവരും തന്നോട് ആശയപരമായി വ്യത്യസ്ത അഭിപ്രായമുള്ളവരും തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് പവാര്‍ പറഞ്ഞു.
‘ഞാന്‍ അംഗീകരിക്കുന്നവര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി മാത്രമേ എന്റെ ഫോട്ടോ ഉപയോഗിക്കാവൂ. എന്റെ പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചവരും എന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും വ്യത്യസ്ത അഭിപ്രായമുള്ളവരും എന്റെ ഫോട്ടോ ഉപയോഗിക്കരുത്,’അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനിലെത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ അജിത്ത് പവാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി നിയമ സഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശരദ് പവാറിനൊടൊപ്പമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും പാര്‍ട്ടി സമീപിച്ചിരുന്നു.
സുനില്‍ തത്കരെ എം.പിയെയും, പ്രഫുല്‍ പട്ടേല്‍ എം.പിയെയും എന്‍.സി.പി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ശരദ് പവാര്‍ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സമയത്ത് മരുമകന്‍ അജിത് പവാര്‍പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ മകള്‍ സുപ്രിയയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങളാണ് പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ദല്‍ഹിയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അജിത് പവാറിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനെല്ലാം ഇടയിലാണ് അജിത് പവാര്‍ ഷിന്‍ഡേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Content Highlight: Those who are against my views, should not use my picture: Sharad pawar