ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈല്‍ സൈന്യം ഒരു വര്‍ഷമായി തുടരുന്ന ആക്രമണത്തില്‍ ഇസ്രഈലിനെ സഹായിക്കുന്ന രാജ്യങ്ങളും വംശഹത്യയില്‍ പങ്കാളികളാകുന്നതായി യു.എന്‍ വിദഗ്ദര്‍. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കോടതി പറഞ്ഞ നിര്‍ദേശങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നും യു.എന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി പുറത്തിറക്കിയ പുതിയ ലീഗല്‍ പൊസിഷന്‍ പേപ്പറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
1967 മുതല്‍ ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്ന് അടുത്തിടെ അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഫലസ്തീന്‍ പ്രദേശങ്ങളിലെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മൂന്നംഗ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ഈ കമ്മീഷനാണ് ഇസ്രഈലിന്റെ സഖ്യകക്ഷികളും വംശഹത്യയില്‍ പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടിയത്.
‘കോടതിയുടെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ ആക്രമണങ്ങളില്‍ നേരിട്ട് പങ്കാളികളായാല്‍ അവര്‍ നേരിട്ടോ ഇല്ലാതെയോ വംശഹത്യയില്‍ പങ്കാളികള്‍ ആവുന്നതിന് തുല്യമാണ്,’ കമ്മീഷന്‍ പറഞ്ഞു.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ എല്ലാവിധത്തിലുമുള്ള പ്രതിരോധങ്ങളും സ്വീകരിക്കണമെന്ന് ഇസ്രഈല്‍ ഗവണ്‍മെന്റിനോട് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിലക്കുകളെ ലംഘിച്ച് ഇസ്രഈല്‍ ഗസയില്‍ വംശഹത്യ തുടരുകയായിരുന്നു.
അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രഈല്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ യു.എന്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് മുന്‍ യു.എന്‍ റൈറ്റ്‌സ് ചീഫ് നവി പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ഊന്നിപ്പറഞ്ഞു.
അതേസമയം ഇസ്രഈലിനെ ഈ കൂട്ടക്കുരുതിയില്‍ സഹായിക്കുന്ന അമേരിക്കയേയും കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇസ്രഈല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയിലെ ഒരു സ്ഥിരാംഗം അവരുടെ വീറ്റോ അധികാരം ഉപയോഗിച്ച് പല ശ്രമങ്ങളേയും പരാജയപ്പെടുത്തുകയാണെന്നും ഇതുവഴി നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള സഭയുടെ അധികാരത്തെയും അന്താരാഷ്ട്ര നിയമത്തെയും അവര്‍ ലംഘിക്കുകയാണെന്നും കമ്മീഷന്‍ പറഞ്ഞു.
ഒരു വശത്ത് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയില്‍ വീറ്റോ അധികാരം ഉപയോഗിച്ച് ഇസ്രഈലിന് നയതന്ത്ര പരിരക്ഷ ഉറപ്പ് വരുത്തുമ്പോള്‍ മറ്റൊരു വശത്ത് ഗസയില്‍ ആളുകളെ കൊല്ലാന്‍ നിര്‍ലോഭമായി ഇസ്രഈലിന് ആയുധ കൈമാറ്റം നടത്തുകയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രഈല്‍ പരമാധികാരം സ്ഥാപിക്കുന്നതില്‍ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് കമ്മീഷന്‍ മേധാവി നവി പിള്ള അഭിപ്രായപ്പെട്ടു. അതിനാല്‍ നിയമവിരുദ്ധമായ അധിനിവേശം പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കണം, ഇതില്‍ എല്ലാ സാമ്പത്തിക, സൈനിക, രാഷ്ട്രീയ സഹായങ്ങളും ഉള്‍പ്പെടുന്നുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Content Highlight: Those who aid Israel in its war against Gaza are complicit in genocide; America’s actions violate international law; UN experts