ന്യൂദല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ നടത്തുന്ന ടു ഫിംഗര്‍ ടെസ്റ്റ് (Two Finger Test) സുപ്രീം കോടതി വിലക്കി. ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി.
ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിതെന്നും, സ്ത്രീ വിരുദ്ധമാണെന്നും, അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് വിധി പുറപ്പെടുവിച്ചത്.
അതിജീവിതകളുടെ ലൈംഗികാവയവത്തിനകത്തേക്ക് രണ്ട് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന നിര്‍ബാധം തുടര്‍ന്നു വരികയായിരുന്നു.
ബലാത്സംഗ കേസില്‍ വിധി പറയുന്നതിനിടെയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഹിമ കോഹ്‌ലിയുമടങ്ങുന്ന സുപീം കോടതി ബെഞ്ച് നിരീക്ഷണങ്ങള്‍ നടത്തിയത്.
നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെവിട്ട ജാര്‍ഖണ്ഡ് കോടതി വിധി സുപ്രീം കോടതി ബെഞ്ച് അസാധുവാക്കി. ഇയാള്‍ കുറ്റക്കാരനാണെന്ന വിചാരണ കോടതിയുടെ തീരുമാനം സുപ്രീം കോടതി ബെഞ്ച് ശരിവെച്ചു.
എല്ലാ സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പാഠ്യപദ്ധതികള്‍ അവലോകനം ചെയ്ത് ടു ഫിംഗര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി.