ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ്ങ്. ആള്‍ക്കൂട്ട കൊലപാതങ്ങളെപ്പറ്റി പറയുന്ന കോണ്‍ഗ്രസിന് 1984 ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് രാജ്‌നാഥ് സിങ്ങ് വിമര്‍ശനം ഉന്നയിച്ചത്.
1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നതെന്ന് രാജ്‌നാഥ് സിങ്ങ് ഓര്‍മ്മിപ്പിച്ചു.
ലോക്‌സഭാ സമ്മേളനത്തിനിടെയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം. തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തേയും കേന്ദ്ര ആഭ്യന്തര മന്ത്രി നിശിതമായി വിമര്‍ശിച്ചു.
ഇന്ത്യയെ എങ്ങനെയാണ് പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് എന്ന് ചോദിച്ച ആഭ്യന്തരമന്ത്രി ഇത്തരം നിലപാടുകള്‍ രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പറഞ്ഞു. എല്ലാ സുഖസൗകര്യങ്ങളോടും കൂടെ ജനിച്ചവര്‍ക്ക് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാവില്ലെന്നും ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയിലുണ്ട്.
ടി.ഡി.പി അംഗങ്ങള്‍ക്കും രാജ്‌നാഥ് സിങ്ങ് മറുപടി നല്‍ കി. ആന്ധ്രപ്രദേശിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
നേരത്തെ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടി ഏവരേയും അമ്പരപ്പിച്ചിരുന്നു. അവിശ്വാസപ്രമേയത്തിലെ ചര്‍ച്ച തുടരുകയാണ്.