| Saturday, 1st June 2019, 6:39 pm

ഗ്രഹാം സ്റ്റെയിന്‍സ് വധവുമായി ബജ്‌റംഗദളിന് ബന്ധമില്ല, രാജ്യത്ത് ഗോവധനിരോധനം കൊണ്ടുവരും : പ്രതാപ് ചന്ദ്ര സാരംഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓസ്‌ട്രേലിയന്‍ മതപ്രചാരകന്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുടുംബത്തിന്റെയും വധത്തില്‍ ബജ്‌റംഗദളിന് ബന്ധമില്ലെന്ന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ പ്രതാപ് ചന്ദ്ര സാരംഗി. രാജ്യത്ത് മുഴുവന്‍ ഗോവധനിരോധനം കൊണ്ടുവരാന്‍ നിയമം പാസാക്കുമെന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു പണിയുമില്ലാത്തവരാണ് എന്നെ കുറിച്ച് സംസാരിക്കുന്നത്. അവര്‍ നായയുടെ വളഞ്ഞ വാല്‍ നേരെയാക്കാന്‍ ശ്രമിക്കുകയാണ്. ഗ്രഹാംസ്റ്റെയ്ന്‍സിന്റെ വധത്തില്‍ ബജ്‌റംഗദളിന് ഒരു ബന്ധവുമില്ല. കോടതിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

നമ്മള്‍ക്ക് അമ്മയുമായാണ് ഏറ്റവും അടുത്ത ബന്ധമുള്ളത്. ജനിച്ചശേഷം ഒരു കുട്ടി ആദ്യം പറയുന്നത് ‘മാ’ എന്നാണ്. ‘ഗോമാതാ’ വിന്റെ ശബ്ദവും ‘മാ’യുമായി സാദ്യശ്യമുള്ളതാണ്.

ഇന്ന് രാജ്യത്ത് ഗോസംരക്ഷണത്തിന് നിയമമില്ല. എല്ലാം സംസ്ഥാനങ്ങളിലും അവരവരുടെ നിയമങ്ങളാണുള്ളത്. ഗോവധത്തിനെതിരായ നിയമം കൊണ്ടു വരുന്നതിന് ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം പല സംസ്ഥാനങ്ങളിലും നിയമം പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യം മുഴുവന്‍ ബാധകമാവുന്ന തരത്തില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിയ്ക്കും.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരാജയ മനസ്ഥിതിയാണുണ്ടായിരുന്നത്. പാകിസ്ഥാനും ശ്രീലങ്കയും ചൈനയും മ്യാന്‍മാറുമെല്ലാം ഭീഷണിയുമായി വരുമ്പോള്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കുകയാണ് ചെയ്തത്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നിരവധി തവണ അതിര്‍ത്തി ലംഘനങ്ങളുണ്ടായി. ആളുകളുടെ തലവെട്ടിയിട്ട് പോലും സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. പക്ഷെ മോദിജി സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ യുവാക്കളെ ഉണര്‍ത്തി. രാജ്യത്തും പുറത്തും തലയുയര്‍ത്തി നടക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇന്ത്യയുടെ അഭിമാനം ഉയര്‍ന്നു പറന്നു. പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

കേന്ദ്രമന്ത്രിയായതിന് പിന്നാലെ പ്രതാപ് ചന്ദ്ര സാരംഗിയുടെ ലളിത ജീവിതത്തെ കുറിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍
പ്രതാപ് ചന്ദ്ര സാരംഗിയുടെ ഭൂതകാലം അത്ര കയ്യടിയര്‍ഹിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയ രംഗത്തെത്തിയിരുന്നു.

1999 ല്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളേയും ബജ്റംഗ് ദള്‍ കൊലപ്പെടുത്തുമ്പോള്‍ ബജ്റംഗ് ദളിന്റെ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി. 2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘ പരിവാര്‍ നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒറീസ അസംബ്ലി ആക്രമിക്കുകയും പൊതു മുതല്‍ഡ നശിപ്പിക്കുകയും ചെയ്ത കേസിലും പ്രതാപ് ചന്ദ്ര സാരംഗി പ്രതിയാണ്.

We use cookies to give you the best possible experience. Learn more