ന്യൂദല്‍ഹി: എ.ബി.വി.പിക്കെതിരെ ക്യാമ്പയിന് ആഹ്വാനം ചെയ്ത ഗുര്‍മെഹര്‍ കൗറിനെ പിന്തുണയ്ക്കുന്നവര്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നവരാണെന്ന് ഹരിയാന മന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍വിജ്. ഇത്തരക്കാരെ ഇന്ത്യയില്‍ നിന്നും അടിച്ച് പുറത്താക്കുമെന്നും അനില്‍വിജ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അനില്‍വിജിന്റെ പ്രതിരണം.
കഴിഞ്ഞ ദിവസം ഹരിയാനയിലെ തന്നെ ഗുസ്തിതാരങ്ങളായി ബബിത പൊഗാട്ടും യോഗേശ്വര്‍ ദത്തും കൗറിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പിതാവ് മരണപ്പെട്ടത് യുദ്ധത്തിലായിരുന്നെന്നും അല്ലാതെ പാക്കിസ്ഥാന്‍ കൊന്നതല്ലെന്നുമുള്ള കൗറിന്റെ വാദത്തെ അംഗീകരിക്കുന്നില്ല എന്നായിരുന്നു ബബിത പറഞ്ഞു. ഇത് രാജ്യത്തോടും ജവാന്‍മാരോടുമുള്ള വെല്ലുവിളിയാണെന്നും ബബിത പറഞ്ഞിരുന്നു.
തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു എ.ബി.വി.പിക്കെതിരായ തുടര്‍ സമരത്തില്‍ നിന്നും കൗര്‍ പിന്‍വാങ്ങിയത്.
ദല്‍ഹി രാംജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എ.ബി.വി.പി വിരുദ്ധചേരിയെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഗുര്‍മെഹര്‍ കൗറിനെ മാനഭംഗപ്പെടുത്തുമെന്ന് എ.ബി.വി.പിക്കാര്‍ ഭീഷണിപ്പെടുത്തിയത്.
കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ പാകിസ്ഥാനല്ല, യുദ്ധമാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് ചെയ്തിരുന്നു. ഇതേച്ചൊല്ലി ബിജെപിയും പ്രതിപക്ഷവും തമ്മില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ കനത്തതോടെയാണ് എബിവിപിക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ നിന്ന് ഗുര്‍മെഹര്‍ പിന്‍മാറിയത്.
കാംപയ്ന്‍ തനിക്കുവേണ്ടിയായിരുന്നില്ല വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും ഗുര്‍മെഹര്‍ അറിയിച്ചു. ഇന്റര്‍നെറ്റില്‍ അപമാനിച്ചവര്‍ക്കെതിരെ ഗുര്‍മെഹര്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.