ചെന്നൈ: വിജയ് നായകനായി റിലീസിനൊരുങ്ങുന്ന മാസ്റ്ററിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.
ചിത്രം സ്ഥിരം കാണുന്ന വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ചിത്രത്തിനെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ പോലെ ആള്‍ട്ടര്‍ ഇഗോ അല്ല കഥയുടെ അടിസ്ഥാനമെന്നും ലോകേഷ് പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ വെളിപ്പെടുത്തല്‍.
ചിത്രത്തില്‍ ഒരു സീനില്‍ താനും അഭിനയിച്ചിട്ടുണ്ടെന്നും ഈ സീന്‍ സംവിധാനം ചെയ്തത് വിജയ് ആണെന്നും ലോകേഷ് പറഞ്ഞു. ചിത്രത്തില്‍ ഒരു സീനില്‍ അഭിനയിക്കുന്നതിനായി വിജയ് തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയാണെങ്കില്‍ ഈ സീന്‍ വിജയ് സംവിധാനം ചെയ്യണമെന്ന് താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം അത് അംഗീകരിച്ചെന്നും ലോകേഷ് പറയുന്നു.
മാര്‍ച്ച് 13നാണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.
ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു.
പുതിയ ചിത്രം മാസ്റ്റര്‍ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയെ വിജയ് സന്ദര്‍ശിച്ചിരുന്നു. സിനിമാ തിയേറ്ററില്‍ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാന്‍ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി പടപ്പാടി കെ. പളനിസ്വാമിയെ സന്ദര്‍ശിച്ചത്.
കൊവിഡിന് ശേഷം ആദ്യമായി തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് മാസ്റ്റര്‍. എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്‌നാട്ടില്‍ തീയ്യറ്ററില്‍ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായിരുന്നു ഇത്.
എന്നാല്‍ തിയേറ്ററുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിക്കുമെന്നും അതിനാല്‍ നിയന്ത്രണം മാറ്റി മുഴുവന്‍ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്നും വിജയ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം മാസ്റ്ററിന്റെ കേരളത്തിലെ റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക