ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീവ്രവാദത്തിന്റെ കെടുതികള്‍ അനുഭവിച്ചയാളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. തീവ്രവാദത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നവര്‍ നാണിക്കേണ്ടിയിരിക്കുന്നുവെന്നും പിത്രോഡ പറഞ്ഞു. തീവ്രവാദവും രാജ്യസുരക്ഷയുടേയും പേരു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ നിരന്തരം അക്രമിക്കുന്ന സാഹചര്യത്തിലാണ് പിത്രോഡയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിക്ക് സ്വന്തം അച്ഛനെയും മുത്തശ്ശിയേയും നഷ്ടപ്പെട്ടത് തീവ്രവാദികളുടെ ആക്രമണത്തിലായിരുന്നെന്നും, അതിനാല്‍ തീവ്രവാദവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള നേതാവാണ് അദ്ദേഹമെന്നും പിത്രോഡ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ദേശസ്‌നേഹത്തെ സംശയിക്കുന്നവര്‍ ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും, മറ്റുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്താനുള്ള അധികാരം ബി.ജെ.പി നേതാക്കള്‍ക്ക് ആരാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
‘പല കാര്യങ്ങളിലും അദ്വാനിയുമായി എനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്തരുതെന്ന അദ്വാനിയുടെ ഉപദേശത്തില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ പഠിക്കണം’- അദ്വാനി തന്റെ ബ്ലോഗിലെഴുതിയ കത്തിനെ പരാമര്‍ശിച്ച് പിത്രോഡ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അപേക്ഷിച്ച് രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ അനുകൂല സാഹചര്യമായിരുന്നു നിലനിന്നിരുന്നതെന്നും, അതേസമയം രാഹുല്‍ പ്രതികൂലമായ അന്തരീക്ഷത്തില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും മറ്റും മറികടന്നാണ് വളര്‍ന്നതെന്നും പിത്രോഡ പറഞ്ഞു.
ഇ.വി.എമ്മുകളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച അദ്ദേഹം, കുറഞ്ഞത് 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ടു.
Image Credits: Indian Express