| Thursday, 24th September 2020, 9:45 am

'കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകന്റെ ശത്രുക്കള്‍'; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നിയമമാണിതെന്ന് ശിവരാജ് സിംഗ് ചൗഹാന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകബില്‍ വരുന്നതോടെ രാജ്യത്തെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാകും. അവരെ സ്വയം പര്യാപ്തമാക്കാനാണ് ഈ നിയമം. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകന്റെ ശത്രുക്കളാണ്. എന്തിനാണ് ഇടനിലക്കാരെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത്.- ചൗഹാന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്.

കര്‍ഷക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് സംഘടിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് അഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് സൂചന.

കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഭാരത ബന്ദില്‍ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞും സമരം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെല്‍കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുക്കൊണ്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് കൗറിന്റെ രാജി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  sivaraj singh chauhan supports farmbill

We use cookies to give you the best possible experience. Learn more