ഞങ്ങളുടെ വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തിന്റെ ഒരു രൂപാ പോലും തരില്ല; ഭീഷണിയുമായി മോദി
Daily News
ഞങ്ങളുടെ വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തിന്റെ ഒരു രൂപാ പോലും തരില്ല; ഭീഷണിയുമായി മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd October 2017, 9:05 am

വഡോദര: കേന്ദ്ര ഭരണത്തെയും വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മോദി കേന്ദ്ര നയങ്ങളെ വിമര്‍ശിക്കരുതെന്ന മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കാത്ത ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷവിമര്‍ശനങ്ങാണ് വഡോദരയിലെ യോഗത്തില്‍ നടത്തിയത്. കോണ്‍ഗ്രസിനെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനങ്ങള്‍.


Related: മോദി പോയി ഭരണഘടന വായിക്കൂ ; കേന്ദ്രസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും സിദ്ധരാമയ്യ


“അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാനുള്ള ഒരവകാശവും ഇല്ല. അതുപോലെതന്നെ കേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കുകയുമില്ല.” മോദി പറഞ്ഞു.

നേരത്തെ മോദിയുടെ സന്ദര്‍ശനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായമൊരുക്കുന്നതിനുവേണ്ടിയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് ഇന്നലെ വഡോദരയയില്‍ മോദി നടത്തിയത്.


Dont Miss: എല്ലാ സിനിമാക്കാരും നിങ്ങളെ പോലെയാണെന്ന് കരുതിയോ; സിനിമാക്കാര്‍ ബുദ്ധിയും പൊതുവിജ്ഞാനവുമില്ലാത്തവരാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് മറുപടിയുമായി ഫര്‍ഹാന്‍ അക്തര്‍


നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും മോദി വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നടത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് 1,140 കോടി രൂപയുടെ പദ്ധതിയുടെ പ്രഖ്യാപനമാണ് മോദി നടത്തിയത്. നേരത്തെ ദിപാവലി ദിനത്തില്‍ ഗുജറാത്തിലെ പൊതുപരിപാടിയില്‍ താനൊരുദിവസം കൊണ്ട് 3650 കോടി രൂപയുടെ പദ്ധതികളാണ് വഡോദരയില്‍ ഉദ്ഘാടനം ചെയ്യുന്നതെന്ന് മോദി പ്രഖ്യാപിച്ചിരുന്നു.

അതേസമയം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച “പ്രധാനപ്പെട്ട തീരുമാനങ്ങള്‍” ഇനിയും പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളും സാമ്പത്തിക വിദഗ്ദരും രാജ്യം സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണെന്ന വിമര്‍ശനം ഉന്നയിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം ശരിയായ ദിശയിലാണെന്നും മോദി അഭിപ്രായപ്പെട്ടു.

“എല്ലാ പരിഷ്‌കാരങ്ങള്‍ക്കും കനത്ത തീരുമാനങ്ങള്‍ക്കും ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നേരായ പാതയിലാണ്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ പ്രകാരം കല്‍ക്കരി, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.”

“വിദേശ കമ്പനികള്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് തോതിലാണു നിക്ഷേപം നടത്തുന്നത്. 30,000 കോടി ഡോളറില്‍ നിന്ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 40,000 കോടി ഡോളറിലെത്തിയിരിക്കുന്നു. സാമ്പത്തിക പരിഷ്‌കാരം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ് ഇതുവരെയെടുത്തത്. അതു തുടരുകയും ചെയ്യും.” മോദി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്താനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഗുജറാത്തില്‍ ലഭിക്കുന്നത്. ബി.ജെ.പി കോടികള്‍ നല്‍കി കൂടെ നിര്‍ത്താന്‍ ശ്രമിച്ച പട്ടേല്‍ സമര നേതാവ് കുതിരക്കച്ചവടം വിളിച്ച പറഞ്ഞ് രംഗത്ത് വന്നത് സംസ്ഥാന ബി.ജെ.പി ഘടകത്തിന് തിരിച്ചടിയായിട്ടുണ്ട്.