റൊണാള്‍ഡോയെ പരിഹസിക്കുന്നവര്‍ ഒരു കാര്യം മറക്കരുത്: പിയേഴ്‌സ് മോര്‍ഗന്‍
Football
റൊണാള്‍ഡോയെ പരിഹസിക്കുന്നവര്‍ ഒരു കാര്യം മറക്കരുത്: പിയേഴ്‌സ് മോര്‍ഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th December 2022, 6:30 pm

ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് കരഞ്ഞുകൊണ്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി പേരാണ് താരത്തെ കളിയാക്കിയും വിമര്‍ശിച്ചും രംഗത്തെത്തിയത്. അതിനെതിരെ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍.

ലോകകപ്പ് നേടുക എന്ന ക്രിസ്റ്റ്യാനോയുടെ സ്വപ്നം കണ്ണീരോടെ അവസാനിച്ചത് കാണുമ്പോള്‍ വളരെയധികം സങ്കടമുണ്ടെന്നും താരത്തെ വിമര്‍ശിച്ചവര്‍ ചില കാര്യങ്ങള്‍ ഓര്‍ക്കണമെന്നും മോര്‍ഗന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

”ലോകകപ്പ് നേടുകയെന്ന ക്രിസ്റ്റിയാനോയുടെ ഏറ്റവും വലിയ സ്വപ്നം കണ്ണീരില്‍ അവസാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. വിമര്‍ശിക്കുന്നവര്‍ ഫുട്‌ബോളിന് വേണ്ടി അദ്ദേഹം ചെയ്തുവെച്ച കാര്യങ്ങള്‍ മറക്കരുത്.

കളിക്കളത്തിലും പുറത്തും തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ക്രിസ്റ്റിയാനോ. എന്നെ സംബന്ധിച്ച് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്,’ മോര്‍ഗന്‍ ട്വീറ്റ് ചെയ്തു.


അതേസമയം പോര്‍ച്ചുഗലിനെതിരെ യൂസഫ് എന്‍ നസ്രി നേടിയ ഒറ്റ ഗോളിലാണ് മൊറോക്കോ വിജയിച്ചത്. ഇതോടെ ലോകകപ്പ് സെമിയില്‍ എത്തുന്ന ഒരേയൊരു ആഫ്രിക്കന്‍ രാജ്യം എന്ന റെക്കോഡ് മൊറോക്കോയുടെ പേരിലായി.

എന്നാല്‍ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പുതിയൊരു ലോക റെക്കോഡ് കൂടി റൊണാള്‍ഡോ സ്വന്തം പേരിലാക്കി. മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന റൊണാള്‍ഡോ പകരക്കാരനായി രണ്ടാം പകുതിയിലാണ് മൈതാനത്തിറങ്ങിയത്.

മൊറോക്കോക്കെതിരെ കളത്തിലിറങ്ങിയതിലൂടെ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പുരുഷ താരം എന്ന ലോകറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

കുവൈറ്റ് രാജ്യാന്തര താരം ബദര്‍-അല്‍-മുതവയുടെ 196 രാജ്യാന്തര മത്സരങ്ങള്‍ എന്ന നേട്ടത്തിനൊപ്പമാണ് റൊണാള്‍ഡോ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരു മത്സരം കൂടി കളിച്ചാല്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പുരുഷ താരം എന്ന ലോക റെക്കോഡ് ഒറ്റക്ക് സ്വന്തമാക്കാന്‍ റൊണാള്‍ഡോക്കാകും.

Content Highlights: Those mocking Ronaldo should remember what he’s done for football, Piers Morgan