കൊച്ചി: വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പൊലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിതരായവരുടേതില്‍ നിന്നും വ്യത്യാസങ്ങള്‍ പാടില്ലെന്നും കോടതി പറഞ്ഞു.
ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവര്‍ക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയും സമിതി കുഞ്ഞിനെ ദത്തു നല്‍കുകയും എന്നാല്‍ പിന്നീട് രക്ഷിതാക്കള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് പറയുകയും ചെയ്ത കേസിന്‍മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2018 ലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പരിചയപ്പെട്ട സാബുവും ഷിജിയും (ശരിയായ പേരല്ല) അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും പിന്നീട് 2020 ഫെബ്രുവരി മൂന്നിന് ഷിജി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതാണ് സംഭവം.
ജോലിയാവശ്യത്തിന് കേരളത്തിന് പുറത്തുപോയ സാബു ഷിജിയുമായി അകന്നപ്പോള്‍ കുഞ്ഞിനെ ഷിജി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീടാണ് സമിതി കുഞ്ഞിനെ ദത്ത് നല്‍കിയതിന് ശേഷം സാബുവും ഷിജിയും കുഞ്ഞിനെ അന്വേഷിച്ചെത്തിയത്. കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ട്. അതിനാല്‍ കുഞ്ഞിനെ ദത്ത് നല്‍കുമ്പോള്‍ ഇരുവരെയും അറിയിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.
കൂടാതെ അമ്മ മാത്രമായി കുഞ്ഞിനെ വളര്‍ത്തുമ്പോള്‍ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക