| Friday, 25th October 2024, 3:34 pm

ആരോപണം അടിസ്ഥാന രഹിതം; എം.എല്‍.എമാരെ കിട്ടിയിട്ട് തനിക്കെന്തിനാ, ഷോക്കേസില്‍ വെക്കാനാണോയെന്ന് തോമസ് കെ.തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്കെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് എന്‍.സി.പി എം.എല്‍.എ തോമസ്.കെ.തോമസ്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അജിത്ത് പവാറിന്റെ എന്‍.സി.പിയിലേക്ക് രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ വേണ്ടി 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും ഈ ഗൂഢാലോചനയ്‌ക്കെതിരെ അന്വേഷണം വേണമെന്നും തോമസ്.കെ.തോമസ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്ക് മന്ത്രിസ്ഥാനം കിട്ടാന്‍ പോവുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണം ഉണ്ടായതെന്നും തോമസ് കെ.തോമസ് വ്യക്തമാക്കി. കുട്ടനാട് നിയമസഭ സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ഇത്തരത്തിലൊരു ആരോപണത്തിന് പിന്നിലെന്നും തോമസ്.കെ.തോമസ് വ്യക്തമാക്കി.

ആന്റണി രാജുവാണ് ഇത്തരത്തിലൊരു കാര്യം ആദ്യം മുഖ്യമന്ത്രിയോട് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും തോമസ്.കെ.തോമസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്റെ മൊഴി മാത്രം മതി സത്യം എന്താണെന്ന് തിരിച്ച് അറിയാന്‍ എന്നും തോമസ്.കെ. തോമസ് പറഞ്ഞു.

എന്തിനാണ് ആന്റണി ഇത്തരം ഒരു ദുഷ്പ്രചരണം നടത്തിയതെന്ന് തനിക്കറിയില്ലെന്നും തന്നെ മന്ത്രിയാക്കില്ലെന്ന് ആന്റണി രാജു മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.സി.പിയുടെ മന്ത്രി ആരാണെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ശരദ് പവാര്‍ ആണെന്നും അല്ലാതെ എ.കെ ശശീന്ദ്രനല്ലെന്നും തോമസ്.കെ.തോമസ് പറഞ്ഞു.

പി.സി.ചാക്കോ വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുമെന്നും തോമസ്.കെ.തോമസ് പറഞ്ഞു.

എന്‍.സി.പി (എസ്.പി) എം.എല്‍.എ തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാന്‍ കാരണമായത് ഈ കോഴ ആരോപണമാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാര്‍ പക്ഷത്തേക്ക് 100 കോടി വാഗ്ദാനം ചെയ്ത് എല്‍.ഡി.എഫ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം നടത്തിയെന്നായിരുന്നു ആരോപണം. ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ ആന്റണി രാജുവിനെയും ആര്‍.എസ്.പി-ലെനിനിസ്റ്റ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെയുമാണ് തോമസ് കെ. തോമസ് കൂറുമാറ്റാന്‍ ശ്രമിച്ചത്.

50 കോടി വീതം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു നീക്കം. തുടര്‍ന്ന് വിവരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്ററില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചുകൊണ്ട് തീരുമാനമുണ്ടാകുന്നത്.

കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന് ആന്റണി രാജു സ്ഥിരീകരിച്ചപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ തനിക്ക് ഇക്കാര്യത്തെ കുറിച്ച് ഓര്‍മയൊന്നുമില്ലെന്നാണ് പ്രതികരിച്ചത്.

250 കോടിയുമായി അജിത് പവാര്‍ കേരളത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി കിട്ടുമെന്നും തോമസ് കെ. തോമസ് പറഞ്ഞതായാണ് ആന്റണി രാജു സ്ഥിരീകരിച്ചത്. മുന്‍ നിയമസഭാ സമ്മേളന സമയത്ത് എം.എല്‍.എമാരുടെ ലോബിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് തോമസ് കെ. തോമസ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തത്.

Content Highlight: Those are false allegations says Thomas.K.Thomas

Latest Stories

We use cookies to give you the best possible experience. Learn more