| Friday, 23rd June 2023, 3:20 pm

യൂട്യൂബര്‍ തൊപ്പിക്ക് ജാമ്യം; കണ്ണൂരില്‍ പുതിയ കേസെടുത്തു; വാതില്‍ ചവിട്ടിപ്പൊളിച്ചതില്‍ പൊലീസിന്റെ വിശദീകരണമിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളാഞ്ചേരി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച് വളാഞ്ചേരി പൊലീസ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വളാഞ്ചേരി പൊലീസ് നിഹാലിനെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്.

അതേസമയം, നിഹാലിനെതിരെ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് ഐ.ടി. ആക്ട് 67 പ്രകാരം യൂട്യൂബര്‍ തൊപ്പിക്കെതിരെ പുതിയ കേസെടുത്തത്. ടി.പി. അരുണിന്റെ പരാതിയിലാണ് നടപടി. നിഹാലിനെ വളാഞ്ചേരി പൊലീസ് ഇന്ന് വൈകീട്ടോടെ കണ്ണപുരം പൊലീസിന് കൈമാറും.

തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി വളാഞ്ചേരി പൊലീസ് രംഗത്തെത്തി. ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാവാന്‍ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വരാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. നിഹാലിന്റെ കൈവശം അശ്ലീല കണ്ടന്റ് ഉണ്ടെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയില്‍ എടുത്തത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. ഒടുവില്‍ തുറക്കാനുള്ള ശ്രമത്തിനിടെ വാതില്‍ ലോക്കായിപ്പോയി. തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഈ മാസം 17ന് വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.

Content Highlights: thoppi gets bail from valancheri, but new case in kannur

Latest Stories

We use cookies to give you the best possible experience. Learn more