നാട്ടിലിപ്പോ അത്യാവശ്യത്തിന് മഴപെയ്യുന്നുണ്ടല്ലോ. മഴ, കട്ടന്‍ചായ, ക്ലാര, ജോണ്‍സണ്‍ മാഷ്.. എന്നാണല്ലോ മധ്യവര്‍ഗ മലയാളി യുവ/മധ്യവയസ്‌കരുടെ മുദ്രാവാക്യം.
മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം തൂവാനത്തുമ്പികളിലെ സ്ത്രീകളെ ഒന്ന് നിരീക്ഷിച്ചു കളയാം.
ചരിത്രപശ്ചാത്തലം
കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നിട്ട് അന്നേക്ക് 17 വര്‍ഷം പിന്നിട്ടിരുന്നു.
മാലിനി: ജയകൃഷ്ണന്റെ സഹോദരി. വിധവ. ഒരു പെണ്‍കുട്ടിയുടെ അമ്മ. അവരുടെ ഭര്‍ത്താവ് മരിച്ചവിവരം നമ്മളറിയുന്നത് രാധയും രഞ്ജിനിയും അവരുടെ അമ്മമ്മയുടെ സപ്തതിക്ക് ക്ഷണിക്കാന്‍ വരുമ്പോള്‍ ജയകൃഷ്ണനുമായി നടക്കുന്ന സംസാരത്തില്‍ നിന്നാണ്.
വെള്ള സാരി ഉടുത്ത് പ്രത്യക്ഷപെടുന്നെണ്ടെങ്കിലും അതില്‍ നിന്ന് പുറത്ത് ചാടണമെന്നു അവര്‍ക്ക് ആഗ്രഹമുണ്ടെന്നു തോന്നും. ജയകൃഷ്ണന്റെ സുഹൃത് ഋഷി മോട്ടോര്‍ നന്നാക്കി കൊണ്ടുവരുന്ന രാത്രി മുറ്റത്തിറങ്ങി വന്ന് അവരോട് സംസാരിക്കുമ്പോഴും അത് വ്യക്തമാണ്. അവരുടെ തറവാടിന് മുന്നിലുള്ള സ്ഥലമാണ് അച്ഛന്‍ ജസ്റ്റിസ് തമ്പുരാന്‍ മാലിനിയുടെ പേരില്‍ എഴുതിവെച്ചിരിക്കുന്നത്.
രാമുണ്ണി നായരെന്ന കുടികിടപ്പുകാരന്‍ ആ സ്ഥലം ഒഴിയാന്‍ തയ്യാറല്ല എന്നാല്‍ അയാളുമായി ജയകൃഷ്ണന്‍ നടത്തുന്ന കയ്യാങ്കളിയില്‍ അവര്‍ക്ക് താല്പര്യമില്ല. അവിടെ അവര്‍ക്ക് വീട് വെക്കേണ്ടതാണെന്നു രാമുണ്ണി നായരേ ഒഴിപ്പിക്കുന്ന രാത്രിയില്‍ ജയകൃഷ്ണന്‍ കൂട്ടുകാരോട് പറയുന്നുണ്ട്. എന്നാല്‍ ഒരു കുട്ടിയുമായി അനിയന്റെ തണലില്‍ നിന്ന് മാറി ഒറ്റയ്ക്ക് താമസിക്കേണ്ട കാര്യം ഓര്‍ത്താണെന്നു തോന്നുന്നു മാലിനി അത്ര താല്പര്യം കാണിക്കാത്തത്. എന്നിരുന്നാലും അകത്തമ്മ/ഉന്നതകുലജാത എന്നനിലയില്‍ ഒരു കുലസ്ത്രീയാണ് താനെന്നു അവര്‍ തെളിയിക്കുന്നുണ്ട്.
കാര്‍ത്യായനിയമ്മ: ജയകൃഷ്ണന്റെയും മാലിനിയുടെയും അമ്മ. എല്ലാത്തിനുമുപരി ജസ്റ്റിസ് മേനോന്‍ സാറിന്റെ ഭാര്യ. അസ്സല്‍ കുലസ്ത്രീയാണ് താനെന്നു ആദ്യ കാഴ്ച്ചയില്‍ തന്നെ അവര്‍ പ്രഖ്യാപിക്കുന്നുണ്ട്. നാളികേര കച്ചവടക്കാരന്‍ വര്‍ഗീസുമായി പിശുക്കത്തരം കാണിക്കുമ്പോള്‍ കുടികിടപ്പുകാരന്‍ രാമുണ്ണി നായര്‍ അയാളോട് ജയകൃഷ്ണന്റെ അച്ഛന്റെ പിശുക്കത്തരം വിളിച്ചുപറയുന്നുണ്ട്. അവിടേക്കു വരുന്ന കാര്‍ത്യായനി അമ്മ ആയകാലത്ത് നിഴല്‍വട്ടത്ത് പോലും വരാതിരുന്ന’ജാതി’ യാണ് എന്ന് ഓര്‍മിപ്പിക്കുന്നുണ്ട്.
അതിപ്പോഴും നായന്മാര്‍ക്കിടയില്‍ മേനോനാണോ നായരാണോ മുന്തിയതെന്നു തര്‍ക്കം നടക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം. അപ്പോള്‍ കാര്‍ത്യായനി അമ്മ പറഞ്ഞ ജാതി അധസ്ഥിത വിഭാഗമാണ്. അപ്പോള്‍ ജാതിയല്ല പ്രതാപം ആണ് അന്തസ്സ് നിര്‍ണയിക്കുന്നതെന്നു കാര്‍ത്യായനി അമ്മയിലൂടെ ഒന്നൂടെ അറിയാതെ പുറത്തു വരികയാണ്. നൂറുപറയുടെ നെല്പാടവും മണിമാളികയും ഇല്ലാത്ത സര്‍വോപരി കാര്‍ത്യായനി അമ്മയുടെ മക്കളായി ജനിക്കാത്ത ചെറുപ്പക്കാര്‍ ഈ ‘ജാതി’ വേവലാതിയെ ഏത് നിലക്ക് എടുക്കുമോ ആവോ.
മകന്റെ അത്യാവശ്യ തോന്യാസോക്കെ മനസിലാക്കിയ സ്ത്രീതന്നെയായിരിക്കണം അവര്‍. അതൊക്കെ ആണ്പിള്ളേര്ക്ക് അതായത് തമ്പുരാന്‍ അങ്ങുന്നിന്റെ മകന് ഭൂഷണമാണെന്ന നിലയിലായിരിക്കണം അവര്‍ കണ്ടിട്ടുണ്ടാവുക. രാമുണ്ണി നായര്‍ കൂടും കുടുക്കയുമായി ഒഴിഞ്ഞു പോയത് അവര്‍ പിന്നീട് അറിഞ്ഞിട്ടുണ്ടാകും.’നന്നായെ ഉള്ളൂ’ എന്ന് മകനെ നിശ്ബ്ദമായി പ്രോത്സാഹിപ്പിച്ചിരിക്കാനേ സാധ്യതയുള്ളൂ.
ത്രേസ്യ: നാട്ടിലെ /പട്ടണത്തിലെ പുതിയ ‘ചരക്ക്’. മോട്ടോര്‍ നന്നാക്കി കൊണ്ടുവന്ന ഋഷിയോടു വീടിന്റെ മുകളില്‍ ഇരുന്ന് നാട്ടിലെ പുതിയ സംഭവ വികാസങ്ങളുടെ ചുരുളഴിക്കുന്നുണ്ട്. ചെറിയ പൊടിപിള്ളേര്‍ പോലും ഇപ്പോള്‍ ഇതൊക്കെ ചെയ്യുന്നുണ്ടെന്നും ത്രേസ്യയാണ് ഇപ്പോള്‍ അവിടത്തെ അറിയപ്പെടുന്ന ആളെന്നും പറയുമ്പോള്‍ ഋഷിക് അധമമായ മോഹം ഉടലെടുക്കുന്നുണ്ട്.
പട്ടണത്തില്‍ സ്വന്തമായി കടയുണ്ടെങ്കിലും അവിടെയുള്ള പിള്ളേരുടെ ‘കളികള്‍’ നോക്കി നില്‍ക്കാനേ പറ്റുന്നുള്ളു. മാത്രമല്ല കപട സദാചാരവും എന്നാല്‍ മധ്യവര്‍ഗ യുവാവിന്റെ യൗവ്വന ത്വരകമായ ലൈംഗീക ചോദനയും ത്രേസ്യയെ കുറിച്ചു കേള്‍ക്കുമ്പോള്‍ ‘വേണ്ടണം’ എന്ന നിലയില്‍ എത്തിക്കുന്നുണ്ട്. പട്ടണത്തിലെ ഹോട്ടലില്‍ വെച്ച് ത്യാഗിയായ ജയകൃഷ്ണന്‍ ത്രേസ്യയെ അയാളുടെ great pimping ലൂടെ ഋഷിക്ക് കാഴ്ചവെയ്ക്കുമ്പോള്‍ ത്രേസ്യയും അവരുടെ കപട സദാചാരത്തെ പൊളിച്ചടുക്കുന്നുണ്ട്.
നാട്ടുകാരായിട്ടും വഴിയില്‍ വെച്ചു കണ്ടാല്‍ മിണ്ടാത്ത, എന്നാല്‍ മനസ്സിലിട്ട് നിരന്തരം ഭോഗിക്കുന്ന ജയകൃഷ്ണ -ഋഷിമാര്‍ ഇന്നും സുലഭം. ഗ്രാമങ്ങളിലെ ത്രേസ്യമാരോട് അധികമാരും മിണ്ടാറില്ല. എന്നാല്‍ സ്വകാര്യമായ ഏതേലും മുടുക്ക് വഴിയില്‍ വെച്ചു തക്കംപോലെ കിട്ടിയാല്‍ മനസിലെ ഇങ്കിതം ഒരുനിമിഷം കൊണ്ട് കുടഞ്ഞിടും ഋഷിമാര്‍. മധ്യവര്‍ഗ യുവാവിന്റെ ലൈംഗീക തൃഷ്ണയെ ‘കെട്ടിമാറപ്പ്’ എന്ന് ലഘൂകരിക്കാനാണ് പദ്മരാജന്‍ ശ്രമിച്ചത്.
എന്തുകൊണ്ടാണ് ത്രേസ്യമാര്‍ക്ക് പറയാന്‍ ഒരു കുടുംബ കഥയില്ലാത്തത് എന്ന് ആലോചിച്ചിട്ടുണ്ട്. മിക്കവാറും മദ്യം കൊണ്ട് മുറിവേറ്റ ഏതേലും ഒരു കുടുംബത്തിലെ ഉത്തരവാദിത്തമുള്ള ആളായിരിക്കണം. താഴെ ഉള്ള സഹോദരങ്ങള്‍ ത്രേസ്യയുടെ ഉടലിന്റെ ഉപ്പ് തിന്ന് ദൂരെ എവിടെയെങ്കിലും പടിക്കുന്നുണ്ടാകും. അതുമല്ലെങ്കില്‍ ക്ഷയരോഗം ബാധിച്ച അച്ഛന്റെ മരുന്നിനു പൈസക്ക് വേണ്ടിയായിരിക്കും അവളീ മാര്‍ഗം തെരഞ്ഞെടുത്തത്. എന്തുതന്നെയായാലും വളരെ ചെറുപ്പത്തില്‍ തന്നെ അരക്ഷിതമായ ജീവിത ചുറ്റുപാടില്‍ ബന്ധുക്കളില്‍ നിന്നോ മറ്റോ ലൈംഗീകാതിക്രമം നേരിട്ടിട്ടുമുണ്ടാകും.
രഞ്ജിനി: രാധയുടെ കസിന്‍ സിസ്റ്റര്‍. ജയകൃഷ്ണന്റെ രണ്ടുവര്‍ഷം ജൂനിയറായി കോളേജില്‍ പഠിച്ചയാള്‍. നൊസ്റ്റാള്‍ജിക് നായര്‍ തറവാട് യുഗത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പൊക്കെ വായിക്കുന്ന ഒരു so called ജാനകികുട്ടി. ജയകൃഷ്ണനില്‍ നിന്ന് ആദ്യത്തെ verbal rape ന് ഇരയാകുന്ന പെണ്‍കുട്ടി. അമ്മമ്മയുടെ സപ്തതിക്ക് മണ്ണാറത്തൊടിയില്‍ ക്ഷണിക്കാന്‍ പോകുമ്പോഴാണ് ജയകൃഷ്ണനെ പാടത്ത് വെച്ചു കാണുന്നത്.
ഭര്‍ത്താവ് സൗദിയില്‍ ആണെന്ന് പറയുമ്പോള്‍ ഇച്ചിരി കഷ്ടമാണല്ലോ എന്ന് അര്‍ത്ഥം വെച്ചു സംസാരിക്കുന്നുണ്ട് ജയകൃഷ്ണന്‍. അതൊരു soft porn talk ആണെന്ന് രാധ തിരിച്ചറിയുന്നുണ്ടെങ്കിലും രഞ്ജിനി അത് ആസ്വദിക്കുകയാണ്. രാധയ്ക്ക് ജയകൃഷനുമേല്‍ ക്രഷ് തുടങ്ങുന്നതിന്റെ മൂലകാരണം രഞ്ജിനിയാണ്. വലിയ തീരുമാനങ്ങളൊന്നും എടുക്കാന്‍ പ്രാപ്തിയില്ലാത്ത, വീട്ടില്‍ പണമുള്ളതുകൊണ്ടു പഠിച്ച, അല്പം മനോവിചാരങ്ങളൊക്കെയുള്ള കുലസ്ത്രീയാണ് അവര്‍.
ജയകൃഷ്ണനെ പോലുള്ള ഫ്യൂഡല്‍ മനോനില പേറുന്ന ആളെ എങ്ങനെയാണ് അകത്തമ്മമാര്‍ ഉള്‍കൊള്ളുന്നതെന്നു മാലിനി -രഞ്ജിനി സംഭാഷണത്തില്‍ നിന്നും മാധവന്‍ -രഞ്ജിനി സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. ജയകൃഷ്ണന്റെ കോളേജ് വീരശൂര പരാക്രമങ്ങള്‍ രാധക്ക് വിവരിച്ചു കൊടുക്കുക വഴി അയാളിലെ ഫ്യൂഡല്‍ പാരമ്പര്യത്തെ, അളവില്ലാത്ത സ്വത്തിനേയുമാണ് രഞ്ജിനി നോക്കിക്കാണാനും ഉള്‍കൊള്ളാനും ശ്രമിച്ചത്. ജയകൃഷനുമേല്‍ രാധയെക്കാള്‍ ക്രഷ് ഉള്ളത് രഞ്ജിനിക്കാണെന്നു മനസിലാക്കാനാവും.
ഗ്ലോറി അഥവാ ബിയാട്രിസ് : ക്ലാരയുടെ രണ്ടാനമ്മ. ഗ്ലോറി എന്നത് അവരുടെ യഥാര്‍ത്ഥ പേരാണെങ്കിലും ക്ലാരയുടെ അച്ഛന്‍ കല്യാണം കഴിച്ചതിനു ശേഷം അവരെ ബിയാട്രിസ് എന്ന് വിളിക്കാന്‍ തുടങ്ങി. അല്പം നാണത്തോടെയാണ് ജയകൃഷ്ണന്റെ പുന്നൂസ് തടി കൊണ്ട്രാക്ടറോട് അവരീ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ നിലനില്പ്പ്/സാമ്പത്തികം കണ്ടെത്താനുള്ള ‘ഏക മാര്‍ഗം’ എന്നനിലയില്‍ ആയമ്മ ക്ലാരയെ കാണുന്നത്.
ക്ലാരയുടെ അച്ഛന്‍ മരിച്ചുപോയെന്നോ അല്ലെങ്കില്‍ തീരെ വോയിസ് ഇല്ലാതെ തളര്‍വാതം പിടിപെട്ട് കിടക്കുകയാണെന്നോ മനസിലാക്കാം. ഒരുപാട് കാലം അവര്‍ ശ്രമിച്ചു നോക്കിയെങ്കിലും ക്ളാര വഴങ്ങിയില്ല. സ്വന്തം മക്കളെ തന്നെ ഇങ്ങനൊരു അവസ്ഥയിലേക്ക് തള്ളിവിടുന്ന ബിയാട്രിസുമാരുടെ കഥകള്‍ ദിവസേന വായിക്കുകയാല്‍ ക്ലാരയുടെ രണ്ടാനമ്മയ്ക്ക് മാത്രമായി പ്രത്യേകതകളില്ല.
രാധ : ജയകൃഷണന്റെ ഭാവി വധു. ജയകൃഷ്ണന്റെ കോളേജ് മേറ്റ് മാധവന്റെ അനുജത്തി. ജയകൃഷ്ണനുമായുള്ള ആദ്യകാഴ്ചയില്‍ തന്നെ verbal rape /Body shaming ശക്തമായി എതിര്‍ക്കുന്നുണ്ട്. ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയില്‍ അല്പം പരുങ്ങിയ ജയകൃഷണനില്‍ ഒരു ക്രഷ് ജനിപ്പിക്കുന്നു. ശക്തമായ മാനസിക നിലയുള്ള സ്ത്രീകളോട് ജയകൃഷണന്മാര്‍ സ്വീകരിക്കുന്ന നീചമായ നിലപാടാണ് രാധയോട് സ്വീകരിക്കുന്നത്.
രഞ്ജിനിയെന്ന അകത്തമ്മയുടെ സാമിപ്യം കാരണം തന്നെ പബ്ലിക്കായി അപമാനിച്ച ജയകൃഷ്ണനോട് രാധയ്ക്ക് പ്രണയമാകുന്നത്. ഏട്ടന്‍ മാധവന്‍ കൂടി അയാളുടെ കന്യകാത്വത്തില്‍ ഒപ്പിട്ടുകൊടുക്കുന്നതോടെ രാധ ഫ്‌ലാറ്റാകുന്നു. രാധയെ കോളേജില്‍ പിള്ളേര്‍ ജയകൃഷ്ണന്റെ സംഭാവനയായ ‘മൂലക്കുരു” എന്ന് ഏറെക്കാലം വിളിച്ചു എന്ന് വേണം അനുമാനിക്കാന്‍ ഈ സംഭവത്തില്‍ ലവലേശം കുറ്റബോധം ജയകൃഷ്ണനുള്ളതായി കാണുന്നുമില്ല. അയാള്‍ അടുത്തത് എന്താണ് ചെയ്യാന്‍ പോവുകയെന്നു ഉറപ്പില്ലെന്നും മാധവന്‍ സ്വന്തം അനുജത്തിയെ യഹമാല ചെയ്യുന്നതിലൂടെ മലയാള സിനിമയിലെ ഏറ്റവും വഷളന്‍ രംഗത്തിനാണ് നാം സാക്ഷിയാകുന്നത്.
രാധ തിരിച്ചു ഇഷ്ടമാണെന്നു പറയുമ്പോള്‍ ജയകൃഷ്ണന്‍ അതില്‍ നിന്ന് തിരിഞ്ഞു നടക്കുന്നുണ്ട് .അതിനയാള്‍ പറയുന്ന ന്യായം ആദ്യമായ് ഇഷ്ടം തുറന്ന് പറഞ്ഞ പെണ്‍കുട്ടി ഇഷ്ടമല്ലെന്നും മുഖത്ത് നോക്കി പറഞ്ഞത് തീരെ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നാണ്. അയാളുടെ ഉള്ളിലെ ഫ്യൂഡല്‍ സൈക്കോയുടെ പ്രകടനം രാധയുമായി നടക്കുന്ന സംഭാഷണങ്ങളില്‍ മുഴവന്‍ ഉണ്ട്.
ജയകൃഷ്ണനെ മാത്രമേ കല്യാണം കഴിക്കൂ അല്ലെങ്കില്‍ കല്യാണമേ വേണ്ട എന്ന തീരുമാനത്തിലേക്ക് ആ വിദ്യാഭാസമുള്ള യുവതിയെ കൊണ്ടെത്തിക്കുന്നത് വിദ്യാഭാസമുള്ള എന്നാല്‍ സകല മനുഷ്യവിരുദ്ധ ചിന്തകളും ഉടലെടുത്തിരുന്ന യാഥാസ്ഥിതിക ജാതിവീടിന്റെ അകത്തളമാണ്. ജയകൃഷ്ണന്റെ ദയാഹരജിക് കാത്തുനില്‍ക്കുന്ന, ഇനിയുള്ള കാലം അയാളെ സഹിക്കാന്‍ ബാധ്യസ്ഥയാണെന്നു അറിയിച്ച രാധ ഏറ്റവും ദുര്‍ബലനായ മനുഷ്യന്റെ വളരെ ദുര്‍ബലയായ ഭാര്യ ആയിരിക്കും.
മദര്‍ സുപ്പീരിയര്‍ : ജയകൃഷ്ണന്‍ തന്നെയാകുന്നു. കന്യകകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ഇതിനേക്കാള്‍ നല്ല സ്ഥാനപ്പേരില്ല. ക്ലാര ചേരാന്‍ പോകുന്ന ‘മഠം’ വും അതിന്റെ ആന്തരിക വ്യവസ്ഥയും കളികള്‍ കുറെ കണ്ട ജയകൃഷ്ണന് നന്നായി അറിയാം. മദര്‍ സുപ്പീരിയറിന്റെ വാറോലയും കൊണ്ട് തങ്ങളുടെ ലാവണത്തിലേക്കാണ് വരാന്‍ പോകുന്നതെന്നും.
രണ്ടാനമ്മയാണ് വഴി തെളിക്കുന്നതെന്നും അയാള്‍ക്കറിയാം. അതുകൊണ്ടു തന്നെ ജയകൃഷ്ണന്റെ കുമ്പസാരങ്ങള്‍ വ്യാജമാണ്. മദര്‍ സുപ്പീരിയര്‍ എന്ന വ്യാജ പ്രൊഫൈലില്‍ കത്തെഴുതുമ്പോള്‍ പോലും ക്ലാരയുടെ സാമിപ്യം അറിയുന്ന വെറും ജയകൃഷ്ണനാണ് മദര്‍ സുപ്പീരിയര്‍.
ക്ലാര : കഴിഞ്ഞ മുപ്പത്തിമൂന്നു വര്ഷമായി മലയാളി മധ്യവര്‍ഗ യുവാക്കളുടെ ലൈംഗീക തൃഷ്ണയുടെ പേരാണ് ക്ലാര. മറ്റെല്ലാം വ്യാജ പ്രതീതിയാണ്. അവരുടെ ലൈംഗീക അഭിവാഞ്ചയുടെ ഉടല്‍രൂപമാണ് ക്ളാര അല്ലെങ്കില്‍ സുമലത. ജീവിതത്തിലെ പരീക്ഷണകാലങ്ങളില്‍ തലങ്ങും വിലങ്ങും ഓടി പലതരം നിറങ്ങളുള്ള ചുവരുകളുടെ ഒരേ ഓര്‍മ്മകള്‍ പേറുന്ന ക്ളാര.
ത്രേസ്യയെപോലെ ക്ലാരയും ഉണ്മയുള്ള സ്ത്രീയാണ്. ത്രേസ്യ ജീവിതസന്ധാരണത്തിനായി ഉടല്‍ പങ്കുവെച്ചതെങ്കില്‍ ക്ലാര തടി കൊണ്ട്രാക്ടര്‍ മാരില്‍ നിന്ന് ഓടിപ്പോയി ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ രണ്ടാംഭാര്യയായി. എന്തുകൊണ്ടായിരിക്കും ജയകൃഷ്ണനെന്ന ഫ്യുഡല്‍ യുവാവിന്റെ ഭാര്യയായിരിക്കാന്‍ ക്ളാര വിസമ്മതിച്ചു കാണുക. എനിക്ക് തോന്നുന്നത് ഒടുങ്ങാത്ത ആസക്തിയുടെ ഉള്‍വിളികളില്‍ നാട്ടിലെ ജയകൃഷ്ണന്മാര്‍ മഴയത്ത് മൂക്കള ഒലിപ്പിച് നില്‍ക്കുന്നതില്‍ ക്ലാര നിഗൂഢമായ ആനന്ദം കണ്ടെത്തിയിരുന്നു.
ക്ലാരയെ സാമിപ്യം ഉള്ളപ്പോഴൊക്കെ മഴ പെയ്യുന്നുണ്ടെന്നു പദ്മരാജന്‍ പറയുന്നതിന്റെ മലയാളം. മഴയത്ത് തണുപ്പില്‍ വിലകൂടിയ കമ്പിളി പുതപ്പ് വാങ്ങിക്കാന്‍ പറയുന്ന ജഗന്നാഥന്‍ ഭാവനയാണ് ക്ലാര. മാസ്റ്റര്‍ബേഷന്‍ പോലെ ആനന്ദകരമായ വേറേതുണ്ട് ലോകത്ത്. മലയാളി മധ്യവര്‍ഗ യുവാക്കളുടെ ആദി പാപത്തിന്റെ മണം കറമൂസ*യുടേതോ വിയര്ത്തുലഞ്ഞ ശരീരത്തിന്റേതോ ആയിരിക്കും.
അവരുടെ ക്ലാര നിരന്തരമായി വളര്‍ന്നു വരുന്ന ലൈംഗീക സങ്കല്പമാണ്. ഒടുവിലവര്‍ ലക്ഷണമൊത്ത ആ പേരിലേക്കെത്തുന്നു. ‘ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പറയാനൊരു കാരണമേ ഉണ്ടാകൂ’ എന്ന് ക്ലാരയുടെ സാമൂഹിക പദവിയെ ആദ്യമേ റദ്ദ് ചെയ്ത് കളയുന്നുണ്ട് ജയകൃഷ്ണന്‍. അവള്‍ ഉള്ളുതുറക്കുമ്പോള്‍ അത് അനാവൃതമാകുന്നുണ്ട്.
എന്നാല്‍ മുന്‍പേ വന്ന ജയകൃഷ്ണന്റെ സ്റ്റേറ്റ്‌മെന്റ് ക്ലാരയുടെ കഥപറച്ചിലിന്റെ ലഘൂകരിച്ചു കളയുന്നു. ഏറ്റവും വഴുവഴുപ്പോടെയും ദുര്ബലവുമായാണ് ജയകൃഷ്ണന്‍ രാധയോടും ക്ലാരയോടും ഇടപെടുന്നത്. ‘അന്ന് രാധ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ക്ലാരയെ കാണില്ലായിരുന്നു’ എന്ന് അയാളുടെ ദുര്‍ബലതയെ രണ്ടു പെണ്കുട്ടികളുടെമേല്‍ തള്ളിയിട്ട് അതിസമര്ഥമായി രക്ഷപ്പെടുന്നുണ്ട്. ഇതേ നിലയില്‍ തന്നെയാണ് അയാള്‍ രാധയോടും പറയുന്നത്.
മറ്റൊരു സമയത്ത് വ്യാജ ഉറപ്പ് കൊടുക്കുകയും അത് തെറ്റിക്കുകയും ചെയ്യുന്നു. വീട്ടുകാരറിയാതെ രാധയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത് വെച്ചു അയാളുടെ ‘മനസമാധാനം’ ഉറപ്പാക്കാനുമൊരുങ്ങുന്നു. ക്ലാരയുമായുള്ള ബന്ധം രാധയോടു പറയുന്നത് അയാളുടെ ആത്മാര്‍ത്ഥത കൊണ്ടാണെന്നു അയാള്‍ വീമ്പു പറയുന്നു. അയാള്‍ക്ക് പോലും ഉറപ്പില്ലാത്ത ഒരു മനുഷ്യനെ ക്ലാര ആദ്യമേ കൈവിട്ടതില്‍ അത്ഭുതമില്ല.
എന്നാല്‍ ചെലക്കാണ്ട് പോടാ എന്ന് പറയാന്‍ വ്യവസ്ഥിതിയുടെ ചുറ്റുമതിലില്‍ നിന്ന് രാധയ്ക്ക് പറ്റുന്നില്ല. തങ്ങളുടെ പിടിയില്‍ നിന്ന് ഓടിപോകുമ്പോള്‍ ‘ആ പെണ്‍കുട്ടി കള്ളിയാണെന്ന്’ വളരെ പെട്ടെന്നു തന്നെ തീര്‍പ്പുകല്‍പ്പിക്കുന്നുണ്ട്.
‘കുറെ കൊച്ചുവാശിയും കുറച്ചു അന്ധവിശ്വാസങ്ങളും കൊച്ചു ദുശീലങ്ങളും’ അതാണ് ഞാനെന്നു പ്രൊഫൈല്‍ നിരത്തുന്നുണ്ട്. പില്‍ക്കാലത്ത് മോഹന്‍ലാല്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ cult ന്റെ ആരൂഢം ഇതാണ്.
ജയകൃഷ്ണന്‍ തുടരുന്നു ‘ രണ്ടാമതൊരു വാശികൂടി ഉണ്ടായിരുന്നു അതാണിന്നു ക്ലാര തകര്‍ത്തത്. എന്റെ കൈകൊണ്ട് ഒരു പെണ്‍കുട്ടിയുടെയും virginity നശിക്കരുതെന്നു. അങ്ങനെ സംഭവിച്ചാല്‍ ആ കുട്ടിയുടെ കൂടെയായിരിക്കും ജീവിതകാലം മുഴുവന്‍’
ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയെ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡല്‍ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജന്‍ വെള്ളപൂശുന്നത്. അയാള്‍ പറഞ്ഞു നിര്‍ത്തുന്നു. ‘എനിക്ക് ഉള്ളില്‍ തട്ടി മോഹം തോന്നുന്ന ഒരു പെണ്‍കുട്ടിക്ക് കൊടുക്കാന്‍വേണ്ടി ഞാന്‍ എന്നെ തന്നെ സൂക്ഷിച്ചു വെച്ചിരുന്നു’.
മലയാള സിനിമയിലെ/ജീവിതത്തിലെ ലക്ഷോപലക്ഷം ജയകൃഷ്ണന്മാര്‍ അവരുടെ ലൈംഗീക ചോദന ആറ്റിക്കുറുക്കി വെച്ചിരിക്കുന്നത് ഈ വാചകത്തിലാണ്. അവരുടെ മറ്റുള്ള മുഖങ്ങളെല്ലാം വെറും അഭിനയമാണ്. സ്വര്‍ഗത്തില്‍ ലഭിക്കാന്‍ പോകുന്ന ഹൂറിമാരെ ഓര്‍ത്ത് ലിംഗം മുറിച്ചു ഭദ്രമായി അടച്ചുവെച്ചു മനുഷ്യബോംബാവുന്ന മറ്റൊരു വിഭാഗം ജയകൃഷ്ണന്‍മാരും കാത്തിരിക്കുന്നത് ക്ലാരമാരെയാണ്.
ഇല്ലാത്ത സ്വര്‍ഗ്ഗത്തിലെ ഹൂറികളെ പോലെ മുപ്പത്തിമൂന്ന് വര്‍ഷം മലയാളി ആത്മരതിയില്‍ ആറാടിച്ച ആ ശരീരം വെറും വ്യാജമാണ്.