Advertisement
Anti sterlite protest
ആരാധകരുടെ പ്രതിഷേധവും ഭീഷണിയും; തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ രജനീകാന്തിനോട് ചോദ്യം ചോദിച്ച യുവാവ് വിശദീകരണവുമായി രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 02, 05:31 am
Saturday, 2nd June 2018, 11:01 am

തൂത്തുക്കുടി: ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനോട് “നിങ്ങള്‍ ആരാണ്” എന്ന് ചോദിച്ച യുവാവ് വിശദീകരണവുമായി രംഗത്ത്. രജനീകാന്ത് ആരാധകരുടെ വ്യാപക പ്രതിഷേധത്തിനെയും ഭീഷണിയെയും തുടര്‍ന്നാണ് ചോദ്യം ചോദിച്ച സന്തോഷ് വിശദീകരണവുമായി രംഗത്തെത്തിയത്.

രജനീകാന്തിനെ അപമാനിക്കണം എന്ന് കരുതിയായിരുന്നില്ല ആ ചോദ്യമെന്നും 100 ദിവസം പ്രക്ഷോഭം നടത്തിയിട്ടും അദ്ദേഹത്തിന്റെ പിന്തുണ കിട്ടാഞ്ഞതാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ കാരണമെന്നും സന്തോഷ് പറഞ്ഞു.

“അധികാരമോ സ്ഥാനമാനങ്ങളോ ഇല്ലെങ്കിലും ആളുകള്‍ രജനീകാന്തിനെ ബഹുമാനിക്കും. പ്രക്ഷോഭം നടന്ന 100 ദിവസങ്ങളില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അവിടെയെത്തിയില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കത് വലിയ കരുത്താകുമായിരുന്നു. അതുകൊണ്ട് മാത്രമാണ് ആ ചോദ്യം ചോദിച്ചത്”” സന്തോഷ് വ്യക്തമാക്കി.


Also Read ‘ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല’; വിവാദ പ്രസ്താവന നടത്തിയതിന് മാപ്പു ചോദിച്ച് രജനീകാന്ത്


ഓള്‍ കോളേജ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ എന്ന സംഘടന രൂപീകരിച്ച് സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതലുണ്ടായിരുന്ന വ്യക്തിയാണ് ബി.കോം ബിരുദധാരിയായ സന്തോഷ്. യുവാവിന്റെ ചോദ്യത്തിന് മുന്നില്‍ താന്‍ രജനിയാണെന്ന് പറഞ്ഞ് മടങ്ങുകയാണ് രജനീകാന്ത് ചെയ്തത്.

“തൂത്തുക്കുടിയില്‍ 100 ദിവസത്തിലധികമായി ഞങ്ങള്‍ പ്രതിഷേധം നടത്തി. അപ്പോഴൊന്നും രജനീകാന്ത് വരികയോ പിന്തുണ നല്‍കുകയോ ചെയ്തില്ല. പ്രതിഷേധത്തിനെതിരായ വെടിവെയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു, കുറേ പേര്‍ ചികിത്സയില്‍ കഴിയുന്നു അപ്പൊഴൊന്നും വാ തുറക്കാന്‍ അദ്ദേഹത്തിനായില്ല. ഇപ്പോള്‍ എന്തിനാണ് അയാള്‍ വന്നത്. പ്ലാന്റ് പൂട്ടിയെന്ന സാഹചര്യത്തിലാണ് വരാന്‍ തയ്യാറായിട്ടുള്ളത്. പ്ലാന്റ് പൂട്ടിയിരുന്നില്ലെങ്കില്‍ അദ്ദേഹം വരുമായിരുന്നില്ല.”” എന്നായിരുന്നു അന്ന് സന്തോഷ് പറഞ്ഞത്.

അന്ന് തന്നെ ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മന്ത്രി കടംമ്പൂര്‍ സി. രാജുവിനെയും ഒ.പനീര്‍ശെല്‍വത്തെയും സന്തോഷ് ചോദ്യം ചെയ്തിരുന്നു. മെയ് 27നാണ് രാജു ആശുപത്രിയിലെത്തിയിരുന്നത്. പരിക്കേറ്റവരുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഒ. പനീര്‍ശെല്‍വമെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.