ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ സാത്താന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യു ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നു. മദ്രാസ് ഹൈക്കോടതിയുടെതാണ് തീരുമാനം.
കോവില്‍പ്പെട്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായി പൊലീസുദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.
കേസ് സി.ബി.ഐക്ക് വിടുന്ന കാര്യം കോടതിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമി അറിയിച്ചിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
സാത്താന്‍ കുളം പൊലീസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുമ്പും പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഒരാളുടെ മരണം സംഭവിച്ചതായി ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്.
മഹേന്ദ്രന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. ഓട്ടോ മോഷണക്കേസില്‍ പിടിയിലായ മഹേന്ദ്രനെ സ്റ്റേഷനില്‍ വെച്ച് കടുത്ത മര്‍ദ്ദനത്തിനിരയാക്കിയെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.
പൊലീസ് സ്റ്റേഷനില്‍ രണ്ട് വര്‍ഷത്തിലേറെയായി സി.സി.ടി.വി പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട് ചെയ്തു. ലോക്കപ്പ് മര്‍ദ്ദനത്തിനിരയായി സ്റ്റേഷനില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്‌സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്.
തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്‌സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.
ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ടു കണ്ടിരുന്നില്ലെന്നും വീടിന് മുകളില്‍ നിന്ന് കൈവീശി കാണിക്കുകയായിരുന്നെന്നുമാണ് ആരോപണം ഉയരുന്നത്. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഒരുപക്ഷെ ജഡ്ജി അവരെ കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ സസ്‌പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കളും സിനിമപ്രവര്‍ത്തകരടക്കമുള്ള ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ