വടകര: ചോമ്പാലയിലെ തൊണ്ടിവയലില്‍ ഐസ് ഫാക്ടറി പണിയാനുള്ള തീരുമാനത്തിനെതിരെ ജനകീയ സമരം ശക്തമാകുന്നു. തൊണ്ടിവയല്‍ സമീപവാസിയും മുംബൈയിലെ വ്യവസായ പ്രമുഖനുമായ ആളാണ് ഐസ് ഫാക്ടറി നിര്‍മിക്കാനൊരുങ്ങുന്നത്.
എന്നാല്‍ ഐസ് ഫാക്ടറിയുമായി മുന്നോട്ടുപോയാല്‍ പ്രദേശത്തെ കാത്തിരിക്കുന്നത് ഉപ്പുവെള്ള ഭീഷണിയും അതുമൂലമുണ്ടാകുന്ന മരുഭൂമിവത്കരണവും ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രദേശത്ത് ജലവിഭവ വകുപ്പ് നടത്തിയ പമ്പിങ് ടെസ്റ്റില്‍ പറയുന്നത് ഇവിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം മാത്രമേ ഉള്ളൂ എന്നാണ്. കൂടുതല്‍ വെള്ളം പമ്പ് ചെയ്താല്‍ അടിത്തട്ടില്‍ നിന്ന് ഉപ്പുവെള്ളം ഊറി വരും. കൂടാതെ വളരെ അകലെയുള്ള എല്ലാ കിണറുകളിലും ഉപ്പുവെള്ളം കയറും. കിണര്‍വെള്ളം മാലിന്യ കൂമ്പാരമായി മാറും. ഭൂമിയുടെ മേല്‍തട്ടിലെ ശുദ്ധജലം കഴിഞ്ഞാല്‍ തൊട്ടടിയില്‍ കറുത്ത ചളിയും ഇത്തിളും അഴുകിയ മരങ്ങളുമാണ് അതിനു താഴെ ഉപ്പുവെള്ളവും.
ഭൂമിയിലെ ശുദ്ധജല ശേഖരം ഇങ്ങനെ വറ്റിയാല്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് മാത്രമല്ല. മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെട്ട് ചെടികളും മരങ്ങളും കാലക്രമത്തില്‍ ഉണങ്ങിപ്പോവുമെന്ന സ്ഥിതിയാണുണ്ടാവുക.
എട്ടു വര്‍ഷത്തോളമായി തൊണ്ടിവയലില്‍ ഐസ് ഫാക്ടറിയ്ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ട് അന്നുമുതല്‍ തന്നെ ജനങ്ങള്‍ സമരത്തിലുമാണ്. ബൂധനാഴ്ച്ച മുക്കാളി തൊണ്ടിവയലില്‍ നടന്ന കൂട്ട ഉപവാസ സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. ദിവസം കൂറുന്തോറും തങ്ങളുടെ ജീവജലം സംരക്ഷക്കുന്നതിനായുള്ള ഈ ജനകീയ സമരം ശക്തിപ്പെട്ടുവരികയാണ്.