തിരുവനന്തപുരം: മലബാര്‍ സമര നേതാവ് വാരിയന്‍കുന്നത്തിന്റെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് തോമസ് ഐസക്.
വാരിയന്‍കുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കം ആര്‍.എസ്.എസിന്റെ അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ആര്‍.എസ്.എസുകാര്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിപ്പുറപ്പെട്ടതിനെക്കാള്‍ വലിയ വിരോധാഭാസമെന്തുണ്ടെന്നും അദ്ദേഹം ചോദിച്ചു.
” ആര്‍.എസ്.എസ് ചെയ്തുകൊണ്ടിരിക്കുന്ന അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണിത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അളക്കാന്‍ എന്താണിക്കൂട്ടരുടെ അളവുകോല്‍? അദ്ദേഹം ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണ് പ്രധാന ആരോപണം. ആരോപിച്ചാല്‍ പോരല്ലോ. തെളിവു വേണ്ടേ. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിര്‍ബന്ധിത മതംമാറ്റത്തിന് ചരിത്രത്തില്‍ എന്തു തെളിവാണ് ഉള്ളത്? ആര്‍.എസ്.എസുകാരോട് ആരോപണത്തിന് തെളിവു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം,” തോമസ് ഐസക് ഫേസ്ബുക്കിലെഴുതി.