ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പാരീസ് വിടും എന്ന ശക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് എംബാപ്പെ വരുന്നതിനെകുറിച്ചുള്ള സാധ്യതകള്‍ പങ്കുവെച്ചിരിക്കുകയാണ് ബയേണ്‍ മ്യൂണിക് പരിശീലകന്‍ തോമസ് ടുച്ചല്‍.
എംബാപ്പെയുമായി വീണ്ടും ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ടുച്ചല്‍ പറഞ്ഞത്.
‘അടുത്ത വര്‍ഷം എംബാപ്പെ ഫ്രീയാണോ? അങ്ങനെയാണെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക് വേണ്ടി കളിക്കണം. കിലിയന്‍ എംബാപ്പെ വളരെ മികച്ച താരമാണ്. ഞാന്‍ പി.എസ്.ജിയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു. അവന്‍ ബയേണിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ പോയി അവനെ കൂട്ടിക്കൊണ്ടു വരാം, അവന് എന്തെങ്കിലും ആഗ്രഹിക്കുമ്പോള്‍ അത് അപ്പോള്‍ കിട്ടും,’ ടുച്ചല്‍ കനാല്‍+ നോട് പറഞ്ഞു.
ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ഇതുവരെ പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഫ്രഞ്ച് സൂപ്പര്‍ താരം ഈ സമ്മറില്‍ ഫ്രീ ഏജന്റായി ടീം വിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ എംബാപ്പെ ഇതുവരെ തന്റെ അടുത്ത ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിട്ടില്ല. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് സൂപ്പര്‍താരത്തെ സൈന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ എംബാപ്പെക്ക് ജര്‍മനിയിലേക്ക് ചേക്കേറാനും അവസരമുണ്ട്.
തോമസ് ടുച്ചാല്‍ പി.എസ്.ജിയുടെ പഴയ പരിശീലകന്‍ ആയതുകൊണ്ട് തന്നെ എംബാപ്പെയും ടുച്ചലും ഇതിന് മുമ്പും ഒരുടീമില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും എന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്.
ഈ സീസണില്‍ എംബാപ്പെ മികച്ച ഫോമിലാണ് കളിക്കുന്നത്. പാരീസിനായി 15 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ ആണ് ഫ്രഞ്ച് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.
അതേസമയം ബുണ്ടസ്ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും തോമസ് ടുച്ചലിന്റെ കീഴില്‍ ബയേണ്‍ മ്യൂണിക് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബുണ്ടസ്ലീഗയില്‍ 11 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയവും രണ്ട് സമനിലയും അടക്കം 29 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരവും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ജര്‍മന്‍ വമ്പന്മാര്‍.
Content Highlight: Thomas tuchel want kylian mbappe sign to Bayern Munich.