കഴിഞ്ഞ ആഴ്ചയായിരുന്നു പ്രീമിയര്‍ ലീഗ് സൂപ്പര്‍ക്ലബ്ബായ ചെല്‍സിയില്‍ നിന്നും കോച്ച് തോമസ് ടുഷെലിനെ മാറ്റിയത്. ഫുട്‌ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം വരെ സ്വന്തമാക്കി കൊടുത്ത മാനേജറായിരുന്നു അദ്ദേഹം.
പുറത്താക്കലിന് ശേഷം ആദ്യമായി സംസാരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെയാണ് ടുഷെല്‍ മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ എഴുതേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടേറിയ പ്രസ്താവന ആണ് ഇത്, എന്ന് പറഞ്ഞുതുടങ്ങിയ ടുഷെല്‍ ഇത്തരം ഒരു വിട വാങ്ങല്‍ പ്രസ്താവന തനിക്ക് കുറെ വര്‍ഷത്തേക്ക് ആവശ്യം ഉണ്ടാവില്ല എന്നാണ് കരുതിയത് എന്നും കൂട്ടിച്ചേര്‍ത്തു.
ചെല്‍സി പരിശീലകന്‍ ആയുള്ള തന്റെ കാലം അവസാനിച്ചു എന്നത് തന്നെ തകര്‍ക്കുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായും ജോലി സംബന്ധിച്ചും തനിക്ക് ചെല്‍സി വീട് പോലെ ആയിരുന്നു എന്ന് പറഞ്ഞ ടുഷെല്‍, ക്ലബിലെ ജോലിക്കാരോടും താരങ്ങളോടും ആരാധകരോടും വലിയ നന്ദിയും രേഖപ്പെടുത്തി. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് എന്നിവയില്‍ ജേതാക്കള്‍ ആക്കിയ സന്തോഷവും അഭിമാനവും തനിക്ക് ഒപ്പം എല്ലാ കാലവും ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെല്‍സിയുടെ ചരിത്രത്തില്‍ ഭാഗം ആയതില്‍ അഭിമാനം ഉണ്ടെന്നും പറഞ്ഞ അദ്ദേഹം ചെല്‍സി പരിശീലകന്‍ ആയുള്ള 19 മാസത്തെ അനുഭവങ്ങള്‍ക്ക് തന്റെ മനസ്സില്‍ എന്നും പ്രത്യേക സ്ഥാനം ഉണ്ടാവും എന്നും കൂട്ടിച്ചേര്‍ത്തു. ഈ സീസണിലെ മോശം തുടക്കത്തെ തുടര്‍ന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ചെല്‍സി ടുഷെലിനെ പുറത്താക്കിയത്. തുടര്‍ന്ന് ബ്രൈറ്റണിന്റെ പരിശീലകന്‍ ഗ്രഹാം പോട്ടറിനെ അവര്‍ പരിശീലകന്‍ ആയി നിയമിച്ചിരുന്നു.
Content Highlight: Thomas Tuchel Opens up after being terminated as Chelsea’s manager