കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ഇത് ദൈവത്തിന്റെ പ്രതികാരം; എം.കെ രാഘവനെതിരെ മുന്‍ റേഷനിംങ് ഇന്‍സ്‌പെക്ടര്‍
Kerala News
കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ഇത് ദൈവത്തിന്റെ പ്രതികാരം; എം.കെ രാഘവനെതിരെ മുന്‍ റേഷനിംങ് ഇന്‍സ്‌പെക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2019, 8:28 am

കോഴിക്കോട്: ടി.വി 9 ഭാരതിന്റെ സ്റ്റിംഗ് ഒപറേഷനില്‍ കുടുങ്ങിയ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഗുരുതര ആരോപണവുമായി മുന്‍ റേഷനിംങ് ഇന്‍സ്‌പെക്ടര്‍ തോമസ് നടുവിലേക്കര. ക്വിന്റല്‍ കണക്കിന് അരിയും ഗോതമ്പും മറിച്ചു വിറ്റ റേഷന്‍കടക്കാരനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ എം.കെ രാഘവന്‍ എം.പി തന്നെ സ്ഥലം മാറ്റിയെന്നും തോമസ് പറഞ്ഞു.

ഒരു റേഷന്‍ കടക്കാരനായ കൗണ്‍സിലറുടെ നിര്‍ബന്ധ പ്രകാരം, അന്നത്തെയും ഇന്നത്തെയും കോഴിക്കോട് എം.പി. എന്നെ ജില്ല വിട്ട് സ്ഥലം മാറ്റാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും സംഭവത്തിന്റെ നിജസ്ഥിതി എം.പി.യെക്കണ്ടു ധരിപ്പിക്കാന്‍ ഞാന്‍ മറ്റൊരു ഛോട്ടാ കോണ്‍ഗ്രസ് നേതാവിനെ കൂട്ടി പോയപ്പോള്‍ അദ്ദേഹം ഉപദേശിച്ചത് “എല്ലാവരും എ.കെ ആന്റണിയായാല്‍ ശരിയാകില്ല. റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്. കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം” എന്നായിരുന്നു.- ഫേസ്ബുക്കിലിട്ട കുറിപ്പില്‍ തോമസ് പറയുന്നു.

Read Also : ദല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്-എ.എ.പി സഖ്യ ധാരണയെന്ന് റിപ്പോര്‍ട്ട്

Read Also : യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പുല്ല് പോലെ തള്ളിക്കളയും: രമേശ് ചെന്നിത്തല

“എന്നെ നന്നായറിയാവുന്ന എന്റെ ഉന്നത ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി കണ്‍ട്രോളര്‍ എനിക്കു വേണ്ടി ഡയറക്ടറുടെ അടുത്ത് വാദിച്ചു. കോണ്‍ഗ്രസ് നേതാവായ എറണാകുളത്തുള്ള എന്റെ ഒരു അകന്ന ബന്ധുവും ഇക്കാര്യത്തില്‍ എന്നെ സഹായിച്ചു. എന്റെ ട്രാന്‍സ്ഫര്‍ സിറ്റി റേഷനിംങ്ങ് ഓഫീസില്‍ നിന്ന് ജില്ലാ സപ്‌ളൈ ആഫീസിലെ ഹെഡ് ക്ലാര്‍ക്ക് സ്ഥാനത്തേക്ക് പരിമിതപ്പെടുത്തിക്കിട്ടി. രാഷ്ട്രീയ സ്വാധീനമില്ലാത്ത എനിക്ക് വേണ്ടി ഇന്ന് 8 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം പ്രതികാരം ചെയ്തിരിക്കുന്നു. കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു. വര്‍ഷങ്ങളായി കൊണ്ടു നടന്ന മനസിന്റെ വേദനക്ക് ഒരു പരിഹാരമായി. ദൈവത്തിനു നന്ദി” തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എം.കെ രാഘവനെതിരെ കൂടുതല്‍ ആരോപണം ഉയരുന്നത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ടി.വി 9 ഒളിക്യാമറയില്‍ 5 കോടി രൂപ രാഘവന്‍ ആവശ്യപ്പെടുന്നതും ഡല്‍ഹിയിലുള്ള സെക്രട്ടറിയുടെ കയ്യില്‍ പണമായി തന്നെ ഏല്‍പ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പര്‍ തരാമെന്നും എം.പി പറയുന്ന ദൃശ്യമാണ് പുറത്തുവന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഘവന് 20 കോടി രൂപ ചെലവായെന്നും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വലിയ ചിലവാണെന്നും രാഘവന്‍ പറയുന്നു. എന്നാല്‍ രാഘവന്റെ തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് നല്‍കിയ കണക്കില്‍ കാണിച്ചത് 53 ലക്ഷം രൂപ മാത്രമായിരുന്നു.

പോസ്റ്റര്‍ അച്ചടി, ഹോഡിങ്ങ്‌സുകള്‍, ബാനറുകള്‍, റാലികള്‍ എന്നിവയ്ക്കും തെരഞ്ഞെടുപ്പ് ദിവസം മദ്യ വിതരണത്തിനും വലിയ ചെലവുകള്‍ ഉണ്ട്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 2 മുതല്‍ 5 കോടി രൂപ വരെയാണ് ലഭിക്കുകയെന്നും ബാക്കി പണം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താന്‍ തന്നെ സംഘടിപ്പിക്കണമെന്നും പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ വീഡിയോയിലെ ആധികാരികത പരിശോധിച്ച് വരികയാണ്.

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം

2011 സെപ്റ്റംബറില്‍ കോഴിക്കോട് സിറ്റിയിലെ ഒരു റേഷന്‍ കടക്കാരനെതിരേ 8 ക്വിന്റല്‍ റേഷനരിയും 6 ക്വിന്റല്‍ ഗോതമ്പും മറിച്ചുവിറ്റതിന് അന്ന് റേഷനിംങ് ഇന്‍സ്‌പെക്ടറായിരുന്ന ഞാന്‍ കര്‍ശനമായ നടപടിയെടുത്തു. സത്യസന്ധമായി ജനങ്ങളുടെ അവകാശത്തിനൊപ്പം നിന്നതിന്റെ ശിക്ഷയായി ,ഒരു റേഷന്‍ കടക്കാരനായ കൗണ്‍സിലറുടെ നിര്‍ബന്ധ പ്രകാരം, അന്നത്തെയും ഇന്നത്തെയും കോഴിക്കോട് എം.പി. എന്നെ ജില്ല വിട്ട് സ്ഥലം മാറ്റാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംഭവത്തിന്റെ നിജസ്ഥിതി എം.പി.യെക്കണ്ടു ധരിപ്പിക്കാന്‍ ഞാന്‍ മറ്റൊരു ഛോട്ടാ കോണ്‍ഗ്രസ് നേതാവിനെ കൂട്ടി പോയി. അദ്ദേഹം ഉപദേശിച്ചു. “എല്ലാവരും അഗ ആന്റണിയായാല്‍ ശരിയാകില്ല. റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്. കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം” എന്ന്. എന്നെ നന്നായറിയാവുന്ന എന്റെ ഉന്നത ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി കണ്‍ട്രോളര്‍ എനിക്കു വേണ്ടി ഡയറക്ടറുടെ അടുത്ത് വാദിച്ചു. കോണ്‍ഗ്രസ് നേതാവായ എറണാകുളത്തുള്ള എന്റെ ഒരു അകന്ന ബന്ധുവും ഇക്കാര്യത്തില്‍ എന്നെ സഹായിച്ചു.

എന്റെ ട്രാന്‍സ്ഫര്‍ സിറ്റി റേഷനിംങ്ങ് ഓഫീസില്‍ നിന്ന് ജില്ലാ സപ്‌ളൈ ആഫീസിലെ ഹെഡ് ക്ലാര്‍ക്ക് സ്ഥാനത്തേക്ക് പരിമിതപ്പെടുത്തിക്കിട്ടി.
രാഷ്ട്രീയ സ്വാധീനമില്ലാത്ത എനിക്ക് വേണ്ടി ഇന്ന് 8 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം പ്രതികാരം ചെയ്തിരിക്കുന്നു. കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു. വര്‍ഷങ്ങളായി കൊണ്ടു നടന്ന മനസിന്റെ വേദനക്ക് ഒരു പരിഹാരമായി.
ദൈവത്തിനു നന്ദി.