icc world cup
ബയേണ്‍ മ്യൂണിക്കില്‍ നിന്നും ഇന്ത്യക്ക് പിന്തുണ; രോഹിത്തേ... ജയിച്ചിട്രാ എന്ന് തോമസ് മുള്ളര്‍
ഐ.സി.സി ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പിന്തുണയുമായി ഫുട്‌ബോള്‍ ഇതിഹാസ താരം തോമസ് മുള്ളര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ അഭിസംബോധന ചെയ്ത് തുടങ്ങിയ ബയേണിന്റെ മധ്യനിരയുടെ രാജകുമാരന്‍ ഇന്ത്യന്‍ ടീമിന് മികച്ച പ്രകനം നടത്താന്‍ സാധിക്കട്ടെ എന്നും ആശംസിച്ചു.
‘ഹേ രോഹിത്, താങ്കള്‍ക്കും ഇന്ത്യന്‍ ടീമിനും എല്ലാ വിധ ആശംസകളും നേരുന്നു,’ എന്നായിരുന്നു മുള്ളര്‍ പറഞ്ഞത്.
ഇതാദ്യമായല്ല മുള്ളര്‍ ഇന്ത്യക്ക് ആശംസകള്‍ നേരുന്നത്. 2019 ലോകകപ്പിന് മുന്നോടിയായും അദ്ദേഹം ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ജേഴ്‌സി ധരിച്ച് ബാറ്റും കയ്യിലേന്തിയാണ് അന്ന് മുള്ളര്‍ ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്നത്.
ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യ ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.
സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിനെ ഉപയോഗിച്ച് ഓസീസിനെ പിടിച്ചുകെട്ടാമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ സ്പിന്‍ ട്രയോയെ ഉള്‍പ്പെടുത്തിയാകും ഇന്ത്യ കളത്തിലിറങ്ങുക എന്നാണ് പ്രമുഖ കായികമാധ്യമമായ ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ നിയോഗിക്കുന്നതെങ്കില്‍ മുഹമ്മദ് ഷമിക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടായേക്കില്ല. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമായിരിക്കും ഇന്ത്യയുടെ പേസ് അറ്റാക്കിനെ നയിക്കുക. ഹര്‍ദിക് പാണ്ഡ്യ മൂന്നാം പേസറുടെ റോളില്‍ കളിച്ചേക്കും.
ചെപ്പോക്ക് ആര്‍. അശ്വിന്റെ ഹോം സ്റ്റേഡിയമായതിനാല്‍ തന്നെ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസീസന് മേല്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് അപ്പര്‍ഹാന്‍ഡ് ലഭിച്ചേക്കും. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം സ്റ്റേഡിയമായതിനാല്‍ ഇതേ അഡ്വാന്റേജ് തന്നെ രവീന്ദ്ര ജഡേജക്കും ലഭിക്കും.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്നിസ്, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ അബോട്ട്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍).
Content Highlight: Thomas Muller wishes Indian team best of luck before world cup