| Wednesday, 22nd November 2023, 2:37 pm

ഫുട്‌ബോളില്‍ നിന്നും ഇപ്പോള്‍ വിരമിക്കുന്നില്ല, പിന്നെ നോക്കാം; തുറന്നുപറഞ്ഞ് മുള്ളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ തോമസ് മുള്ളര്‍ ഫുട്‌ബോളിലെ തന്റെ ഭാവി എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ബയേണ്‍ മ്യൂണിക്കുമായുള്ള മുള്ളറിന്റെ കരാര്‍ ഈ സമ്മറോടുകൂടി അവസാനിക്കുന്നതിനാല്‍ താരം ഫുട്‌ബോളില്‍ നിന്നും വിരമിക്കും എന്ന ശക്തമായ റൂമറുകള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് മുള്ളര്‍ രംഗത്തെത്തിയത്.

2024ന് ശേഷവും ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് മുള്ളര്‍ പറഞ്ഞത്.

‘ഞാന്‍ 2024ന് ശേഷം ഒരു വര്‍ഷം കൂടി ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇപ്പോഴും കളിക്കളത്തില്‍ ആസ്വദിക്കുന്നുണ്ട് അത് ഇനിയും തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മുള്ളറിനെ ഉദ്ധരിച്ച് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനായി 14 മത്സരങ്ങളിലാണ് മുള്ളര്‍  കളിച്ചിട്ടുണ്ട്. മത്സരങ്ങളില്‍ കൂടുതലും പകരക്കാരനായാണ് മുള്ളറിനെ തോമസ് ടുച്ചല്‍ പരീക്ഷിച്ചത്.

ഈ സീസണില്‍ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ജര്‍മന്‍ സ്ട്രൈക്കര്‍ നേടിയിട്ടുള്ളത്. ബയേണ്‍ മ്യൂണിക്കിനായി 2009ലാണ് മുള്ളര്‍ ആദ്യമായി ബൂട്ട് കെട്ടുന്നത്. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും 12 ബുണ്ടസ്ലീഗ കിരീടവും താരം നേടിയിട്ടുണ്ട്. ജര്‍മന്‍ വമ്പന്‍മാർക്കായി 680 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മുള്ളര്‍ 237 ഗോളുകള്‍ നേടിയിട്ടുണ്ട്.

2014ല്‍ ബ്രസീലിൽ നടന്ന ലോകകപ്പില്‍ ജര്‍മനി ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ജര്‍മനിയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച താരമായിരുന്നു മുള്ളര്‍.

എന്നാല്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റുപുറത്തായതോടെ ജര്‍മനിക്കൊപ്പമുള്ള മുള്ളറിന്റെ ഭാവി എന്താവും എന്ന ചോദ്യങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ജോക്കിം ലോയുടെ കീഴില്‍ 2019 മുതല്‍ 2021 വരെ ദേശീയ ടീമില്‍ നിന്നും താരം പുറത്തായിരുന്നു. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ ടീമില്‍ ഇടം നേടാന്‍ മുള്ളറിന് സാധിച്ചിരുന്നു. ബയേൺ മ്യൂണിക്കിനൊപ്പം തോമസ് മുള്ളറിന്റെ ഭാവി എന്താകും എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Thomas Muller talks about his future carrier in football.

We use cookies to give you the best possible experience. Learn more