| Saturday, 28th May 2022, 5:32 pm

ഇവര്‍ യൂറോപ്പിന്റെ ചാമ്പ്യന്‍മാരാകും; പ്രവചനവുമായി തോമസ് മുള്ളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഫുട്‌ബോള്‍ മാമാങ്കമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. യൂറോപ്പിലെ ടോപ്പ് ഫൈവ് ടൂര്‍ണമെന്റുകളിലെ മികച്ച ക്ലബ്ബ് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്നാണ്.

ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളും ലാ ലിഗ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍.

അവസാന നിമിഷംവരെ വിജയിയെ പ്രവചിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മത്സരങ്ങളാണ് എന്നും ഫുട്‌ബോളിന്റെ ഭംഗി കൂട്ടുന്നത്. ഈ വര്‍ഷത്തെ യു.സി.എല്‍ പോരാട്ടങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു.

യുറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍.

ചാമ്പ്യന്‍സ് ലീഗ് വിന്നറെ കണ്ടെത്താന്‍ പെനാല്‍ട്ടി ഷൂട്ടൗട്ടുവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് മുള്ളര്‍ കരുതുന്നത്. രണ്ട് ടീമുകളും 90 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വ്ീതം നേടുമെന്നും മുള്ളര്‍ പ്രവചിച്ചു.

റയല്‍ മാഡ്രിഡ് മികച്ച ടീമാണെങ്കിലും ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ വിജയിക്കുമെന്നാണ് മുള്ളര്‍ നിരീക്ഷിക്കുന്നത്.

ടീമെന്ന നിലയില്‍ ലിവര്‍പൂള്‍ ആണ് മികച്ചതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അടുത്തിടെ ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിന്റെ പോരാട്ടം കണ്ടതുകൊണ്ട് അവരെ ഞാന്‍ എഴുതിത്തള്ളില്ല. മത്സരം 2-2 സമനിലയില്‍ കലാശിക്കുകയും ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ വിജയിക്കുമെന്നും ഞാന്‍ പ്രവചിക്കുന്നു.’ മുള്ളര്‍ പറഞ്ഞു.

ജര്‍മ്മന്‍ ഔട്ട്‌ലെറ്റ് Tz എന്ന ഓണലൈന്‍ ചാനലിലാണ് ബയേണ്‍ താരത്തിന്റെ പ്രവചനം. മുള്ളറിന്റെ ടീമായ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് ക്ലബ്ബായ വീയ്യറയലിനോട് തോറ്റ് പുറത്തായിരുന്നു.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ പ്രവേശിച്ചത്. മുന്‍ യു.സി.എല്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കിയ വീയ്യറയലിനെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ വരവ്.

തുല്യശക്തിക്കളായ റയലും ലിവര്‍പൂളും ഏറ്റുമുട്ടുമ്പോള്‍ കടുത്ത മത്സരം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരങ്ങളായ റയലിന്റെ കരീം ബെന്‍സിമയും ലിവര്‍പൂളിന്റെ മുഹമ്മദ് സലയുമാണ് ഇരു ടീമിന്റെയും പ്രധാന ആയുധങ്ങള്‍.

വിനീഷിയസ് ജൂനിയര്‍, ലൂക്കാ മോഡ്രിച്, റോഡ്രിഗൊ എന്നിവരാണ് റയലിന്റെ മറ്റ് പ്രധാന താരങ്ങള്‍. ഇവരുടയൊപ്പം സൂപ്പര്‍ ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസും കൂടെ ചേരുമ്പോള്‍ റയല്‍ ശക്തരാകുന്നു.

സലയുടെ കൂടെ സാദിയോ മാനെ, അലാക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ലൂയിസ് ഡിയാസ് എന്നിവരടങ്ങുന്നതോടെ ലിവര്‍പൂളും ശക്തരാകുന്നു. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍ എന്നും ലിവര്‍പൂളിന്റെ പ്രധാന മുതല്‍കൂട്ടാണ്.

2018ല്‍ ഇരുവരും യു.സി.എല്‍ ഫൈനലില്‍ ഏറ്റിമുട്ടിയപ്പോള്‍ 3-1 എന്ന നിലയില്‍ റയല്‍ മാഡ്രിഡ് വിജയം കൈവരിച്ചിരുന്നു.

Content Highlights: thomas muller predicts ucl winner

We use cookies to give you the best possible experience. Learn more