'അദ്ദേഹത്തിന് അനായാസം ഗോളുകളും റെക്കോഡുകളും നേടാന്‍ സാധിക്കും'; ഗോട്ട് ഡിബേറ്റില്‍ മുള്ളര്‍
Football
'അദ്ദേഹത്തിന് അനായാസം ഗോളുകളും റെക്കോഡുകളും നേടാന്‍ സാധിക്കും'; ഗോട്ട് ഡിബേറ്റില്‍ മുള്ളര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 8:38 am

ലയണല്‍ മെസിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് മറുപടിയുമായി ജര്‍മന്‍ സൂപ്പര്‍ താരം തോമസ് മുള്ളര്‍. മെസിയാണ് എക്കാലത്തെയും മികച്ച താരമെന്നാണ് മുള്ളര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പ്രകടന മികവ് കാണികളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്ന തരത്തിലാണെന്നും അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാനും റെക്കോഡുകള്‍ വാരിക്കൂട്ടാനും അനായാസം സാധിക്കുമെന്നും മുള്ളര്‍ പറഞ്ഞു.

ക്രിസ്റ്റ്യാനോയും ശക്തനായ മത്സരാര്‍ത്ഥിയാണെന്നും എന്നാല്‍ തനിക്ക് കൂടുതല്‍ ഇഷ്ടം മെസിയുടെ പ്രകടനമാണെന്നും മുള്ളര്‍ പറഞ്ഞു. ഡി.എ.ഇസെഡ്.എന്നിനോട് സംസാരിക്കുമ്പോഴാണ് മുള്ളര്‍ ഇക്കാര്യം പങ്കുവെച്ചത്.

‘ആരാണ് എക്കാലത്തെയും മികച്ച താരം? എന്നെ സംബന്ധിച്ച് ലയണല്‍ മെസിയാണ് ഗോട്ട്. കാരണം അദ്ദേഹത്തിന്റെ പ്രകടനം ആളുകളെ സ്റ്റേഡിയത്തിലേക്ക് കളി കാണാന്‍ കൊണ്ടെത്തിക്കുന്ന തരത്തിലാണ്. അതേസമയം, അദ്ദേഹത്തിന് അനായസം ഗോളുകള്‍ നേടാനും റെക്കോഡുകളും ടൈറ്റിലുകളും പേരിലാക്കാനും സാധിക്കും.

ക്രിസ്റ്റ്യാനോയും ടൈറ്റിലുകളുടെയും സ്റ്റാറ്റ്സിന്റെയും കാര്യത്തില്‍ ശക്തനായ മത്സരാര്‍ത്ഥിയാണ്. പക്ഷെ മെസിയുടേതാണ് കൂടുതല്‍ ഗംഭീരമായ പ്രകടനം,’ മുള്ളര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ ബുധനാഴ്ച നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോളും മൂന്ന് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്‌സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.

Content Highlights: Thomas Muller on Messi-Ronaldo GOAT debate