ചാമ്പ്യന്‍സ് ലീഗിന്റെ റെക്കോഡ് പുസ്തകത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമെത്തി ബയേണ്‍ മ്യൂണിക് നായകന്‍ തോമസ് മുള്ളര്‍. ചാമ്പ്യന്‍സ് ലീഗില്‍ ഷാക്തറിനെതിരായ മത്സരത്തില്‍ നേടിയ ഒറ്റ ഗോളിന്റെ കരുത്തിലാണ് റെക്കോഡ് നേട്ടത്തില്‍ ക്രിസ്റ്റ്യാനോക്കൊപ്പം തന്റെ പേരും മുള്ളര്‍ എഴുതിച്ചേര്‍ത്തത്.
16 വ്യത്യസ്ത ചാമ്പ്യന്‍സ് ലീഗുകളില്‍ സ്‌കോര്‍ ചെയ്‌തെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പമാണ് മുള്ളര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ഇതിഹാസം റയാന്‍ ഗിഗ്‌സും 16 വ്യത്യസ്ത ചാമ്പ്യന്‍സ് ലീഗുകളില്‍ സ്‌കോര്‍ ചെയ്ത് റൊണാള്‍ഡോക്കും മുള്ളറിനുമൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.
ഇതിഹാസ താരം ലയണല്‍ മെസിയും റയലില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്ന കരീം ബെന്‍സെമയുമാണ് ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗുകളില്‍ സ്‌കോര്‍ ചെയ്തതിന്റെ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുള്ളത്. 18 വ്യത്യസ്ത ചാമ്പ്യന്‍സ് ലീഗുകളില്‍ ഇരുവരും സ്‌കോര്‍ ചെയ്തു.
നിലവില്‍ 35കാരനായ തോമസ് മുള്ളര്‍ മെസിക്കും ബെന്‍സെമക്കുമൊപ്പമെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, തങ്ങളുടെ 300ാം ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഷാക്തറിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ വിജയം ആഘോഷിച്ചത്. വെല്‍റ്റിന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷമാണ് ബയേണ്‍ അഞ്ച് ഗോളുകളും തിരിച്ചടിച്ചത്.
മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ തന്നെ ഷാക്തര്‍ മുമ്പിലെത്തി. ബ്രസീലിയന്‍ യുവതാരം കെവിന്‍ സാന്റോസ് ലോപ്പസ് ഡി മാസിഡോയാണ് ഷാക്തറിനായി ആദ്യ ഗോള്‍ കണ്ടെത്തിയത്.
എന്നാല്‍ കൃത്യം ആറ് മിനിട്ടിനകം തന്നെ ബയേണ്‍ തിരിച്ചടിച്ചു. കൊണാര്‍ഡ് ലെയ്മറാണ് 11ാം മിനിട്ടില്‍ ബയേണിനെ ഒപ്പമെത്തിച്ചത്. താരത്തിന്റെ കരിയറിലെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഗോളാണിത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാന്‍ ബയേണിന് സാധിച്ചില്ല.
എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ബയേണ്‍ ലീഡ് നേടി. 45ാം മിനിട്ടില്‍ മുള്ളറാണ് ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതി ആരംഭിച്ച് 70ാം മിനിട്ട് വരെ ഗോള്‍ വഴങ്ങാതിരിക്കാന്‍ ഷാക്തര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 70ാം മിനിട്ടില്‍ മൈക്കല്‍ ഒലീസേയുടെ ഗോളിലൂടെ ലീഡ് രണ്ടാക്കി മാറ്റിയ ബയേണിനായി 87ാം മിനിട്ടില്‍ യുവരക്തം ജമാല്‍ മുസിയാലയും ഗോള്‍ കണ്ടെത്തി.
ആഡ് ഓണ്‍ ടൈമില്‍ ഒലീസേ വീണ്ടും വലകുലുക്കിയതോടെ വമ്പന്‍ വിജയവുമായി ബയേണ്‍ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്തി.
നിലവില്‍ ആറ് മത്സരത്തില്‍ നിന്നും നാല് ജയവുമായി പത്താം സ്ഥാനത്താണ് ബയേണ്‍.
Content Highlight: Thomas Muller equals Cristiano Ronaldo’s Champions League record