| Sunday, 4th February 2024, 3:50 pm

ബയേൺ മ്യൂണിക്കിന്റെ ചരിത്രത്തിൽ ഒന്നാമൻ; എതിരാളികളില്ലാതെ മുള്ളർ

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം. ബൊറൂസിയ മൊഞ്ചന്‍ഗ്ലാഡ്ബാച്ചിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്മാര്‍ പരാജയപ്പെടുത്തിയത്.

ഈ ജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടം സ്വന്തം പേരിലാക്കി മാറ്റിയിരിക്കുകയാണ് ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ സൂപ്പര്‍ താരം തോമസ് മുള്ളര്‍.

ബയേണ്‍ മ്യൂണിക്കിനൊപ്പം എല്ലാ മത്സരങ്ങളിലുമായി 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബയേണ്‍ താരം എന്ന ചരിത്ര നേട്ടമാണ് മുള്ളര്‍ സ്വന്തം പേരില്‍ കുറിച്ചത്. 690 മത്സരങ്ങളില്‍ നിന്നുമാണ് ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ബയേണ്‍ മ്യൂണിക്കിനായി 365 ഗോളുകളാണ് മുള്ളര്‍ നേടിയിട്ടുള്ളത്. ബുണ്ടസ് ലീഗ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് മുള്ളര്‍. ബയേണിനൊപ്പം 32 കിരീടങ്ങളാണ് മുള്ളറിന്റെ അക്കൗണ്ടിലുള്ളത്.

ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 35ാം മിനിട്ടില്‍ നിക്കോ എല്‍വെഡിയിലൂടെ സന്ദര്‍ശകരാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 45ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ പാവ്‌ലോവിക്കിലൂടെ ബയേണ്‍ മറുപടി ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ ഹാരി കെയ്‌നും 80ാം മിനിട്ടില്‍ മത്തിയസ് ഡി ലിറ്റ് എന്നിവര്‍ ഗോള്‍ നേടി. മൂന്ന് ഗോളുകള്‍ക്ക്  ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ വിജയം ബയേണ്‍ മ്യൂണിക് സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ബുണ്ടസ്‌ലീഗയില്‍ 20 മത്സരങ്ങളില്‍ നിന്നും 16 വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയും അടക്കം 50 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേണ്‍.

ഫെബ്രുവരി പത്തിന് ബയെര്‍ ലെവര്‍കൂസനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.

Content Highlight: Thomas Muller create a new record in Bayern Munich.

We use cookies to give you the best possible experience. Learn more