യുവേഫ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ മത്സരത്തിനിറങ്ങുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍താരം തോമസ് മുള്ളര്‍. റൗണ്ട് ഓഫ് 16ലെ ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ പി.എസ്.ജിയെ പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിന് മുന്നോടിയായി തങ്ങള്‍ രണ്ടാം പാദ മത്സരത്തിന് തയ്യാറെടുത്തിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് മുള്ളര്‍. എല്ലാവരും നന്നായിരിക്കുകയാണെന്നും പി.എസ്.ജിയെ തങ്ങള്‍ക്ക് തോല്‍പ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ് ഹോല്‍സ്‌നറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഞങ്ങളെല്ലാവരും മത്സരത്തിന് തയ്യാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ മാച്ചില്‍ ജയം ഞങ്ങള്‍ക്കൊപ്പമയിരുന്നു. മാത്രവുമല്ല അടുത്ത മത്സരം നടക്കുന്നത് ഞങ്ങളുടെ തട്ടകത്തിലാണ്. ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്,’ മുള്ളര്‍ പറഞ്ഞു.
അതേസമയം, ആദ്യ പാദ മത്സരത്തിന്റെ 53ാം മിനിറ്റില്‍ കിങ്്‌സ്‌ലി കോമാനാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, എംബാപ്പെ ത്രയം ഉണ്ടായിട്ടും പി.എസ്.ജിക്ക് ഗോള്‍ മടക്കാനായില്ല.
ആദ്യ പകുതിയില്‍ എംബാപ്പെ ഇല്ലാതെയാണ് പി.എസ്.ജി ഇറങ്ങിയത്. എന്നാല്‍ പന്തടക്കത്തിലും പാസിങ്ങിലും ആധിപത്യം പുലര്‍ത്തിയിട്ടും പി.എസ്.ജിക്ക് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ കാര്‍ലോസ് സോളാറിന് പകരം എംബാപ്പെയെ ഇറക്കിയതോടെയാണ് പി.എസ്.ജിയുടെ ആക്രമണം ശക്തമായത്.
രണ്ടാം പകുതിയില്‍ രണ്ട് തവണ എംബാപ്പെ പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ രണ്ടും ഓഫ് സൈഡായി. 84ാം മിനിട്ടില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് ബയേണ്‍ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പവാര്‍ഡ് അവിശ്വസനീയമായി ബ്ലോക്ക് ചെയ്യുകയുമായിരുന്നു.