| Saturday, 17th December 2022, 12:46 pm

ജാതി അധിക്ഷേപ പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗമെന്ന് തോമസ് കെ. തോമസ്; പരാതിക്കാരിക്കെതിരെയും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തനിക്കെതിരെയുള്ള ജാതി അധിക്ഷേപ പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തോമസ് കെ. തോമസ് എം.എല്‍.എ.

പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി നേതൃത്വം തന്റെ പരാതികള്‍ പരിഗണിക്കുന്നില്ലെന്നും തോമസ് കെ. തോമസ് ആരോപിച്ചു.

പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും എം.എല്‍.എയും ഭാര്യ ഷേര്‍ലി തോമസും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

നേതാക്കള്‍ ക്ഷണിച്ചിട്ടാണ് താന്‍ പോയത്. ആരെയും അധിക്ഷേപിച്ചിട്ടില്ല. താന്‍ 14 വര്‍ഷമായി എന്‍.സി.പി അംഗമായിരുന്നുവെന്നും ഷേര്‍ലി തോമസ് പറഞ്ഞു. പരാതിക്ക് പിന്നില്‍ തങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യം മാത്രമാണെന്നും അവര്‍ ആരോപിച്ചു.

എന്‍.സി.പി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍.ബി. ജിഷയുടെ പരാതിയിലാണ് കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തത്.

അതിനിടെ, എം.എല്‍.എയും ഭാര്യയും ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍.ജി. ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ. തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് ജിഷക്കെതിരെ പൊലീസ് കേസെടുത്തത്.

ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍.സി.പി ഫണ്ട് ശേഖരണ യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എം.എല്‍.എയും ഭാര്യയും സന്നിഹിതരായ ചടങ്ങില്‍ നിന്നും ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതാണ് എം.എല്‍.എയേയും ഭാര്യയേയും പ്രകോപിപ്പിച്ചത്.

ഇതിനെതുടര്‍ന്ന് ആര്‍.ബി. ജിഷയുടെ നിറം പറഞ്ഞ് ഷേര്‍ലി തോമസ് ആക്ഷേപിക്കുകയും, പിന്നാലെ നേതാക്കള്‍ തമ്മില്‍ പരസ്പരം വാക്കേറ്റവുമുണ്ടാവുകയും ചെയ്തു.

തന്നെ ‘കാക്കയെ പോലെ കറുത്തവള്‍’ എന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും ജിഷ പരാതിയില്‍ പറയുന്നു. ജിഷയോട് എം.എല്‍.എയുടെ ഭാര്യ ഷേര്‍ലി തോമസ് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. കേസില്‍ തോമസ് കെ. തോമസ് എം.എല്‍.എ ഒന്നാം പ്രതിയും ഭാര്യ ഷേര്‍ളി രണ്ടാം പ്രതിയുമാണ്.

Content Highlight: Thomas K Thomas MLA and Wife’s Reaction against Casteist abuse case

We use cookies to give you the best possible experience. Learn more