|

ഏക സിവില്‍ കോഡ്: ഇ.എം.എസിന്റെ നിലപാടില്‍ ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ദുഷ്പ്രചാരണം നടത്തുന്നു: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏക സിവില്‍ കോഡ് സംബന്ധിച്ച് ഇ.എം.എസ് എടുത്ത നിലപാട് ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സി.പി.ഐ.എം കമ്മിറ്റി അംഗം തോമസ് ഐസക്. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പില്‍ ഏക സിവില്‍ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മറക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് ഭരണഘടനാ കര്‍ത്താക്കള്‍ ഏക സിവില്‍ കോഡിനെ മാര്‍ഗ്ഗനിര്‍ദേശക തത്വങ്ങളിലാണ് ഉള്‍ക്കൊള്ളിച്ചതെന്ന് തമസ്‌കരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇ.എം.എസ് ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം.
ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പില്‍ ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മറക്കുന്നു. ആര്‍.എസ്.എസ് ആകട്ടെ ഭരണഘടനാ കര്‍ത്താക്കള്‍ ഏകീകൃത സിവില്‍ കോഡിനെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളിലാണ് ഉള്‍ക്കൊള്ളിച്ചതെന്നും തമസ്‌കരിക്കുന്നു.

എന്നുവച്ചാല്‍ ഏകപക്ഷീയമായി നടപ്പാക്കേണ്ടുന്ന ഒരു നിയമമായിട്ടല്ല യൂണിഫോം സിവില്‍ കോഡിനെ കണ്ടത്. മറിച്ച് പട്ടികവര്‍ഗ്ഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യപരിഷ്‌കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ട് കഴിയുമ്പോള്‍ മാത്രം നടപ്പാക്കേണ്ട ഒരു കാര്യമായിട്ടാണ് ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാട്,’ അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയില്‍ ഇ.എം.എസ് എഴുതിയ ലേഖനവും പങ്കുവെച്ചുകൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ പോസ്റ്റ്. മുസ്‌ലിം ജനതയില്‍ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രശ്‌നമാണ് പൊതു സിവില്‍ നിയമമെന്ന് തങ്ങള്‍ മനസ്സിലാക്കുന്നു. മുസ്‌ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പില്‍ വരുത്തുന്നതു ബുദ്ധിപൂര്‍വ്വമായിരിക്കില്ലെന്നു കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചതിനോട് തങ്ങള്‍ക്ക് യോജിപ്പാണുള്ളതെന്നാണ് ഇ.എം.എസ് ലേഖനത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം ഉടന്‍ നടത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടൂവെന്ന് ലീഗിന്റെ നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണെന്നും ലേഖനത്തില്‍ ഇം.എം.എസ് പറയുന്നു.

2024-ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയിട്ടാണ് ഇന്നിപ്പോള്‍ ധൃതിപിടിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളതെന്ന് തോമസ് ഐസക്ക് വിമര്‍ശിച്ചു. ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, ജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടതുമാണെന്ന് സി.പി.ഐ.എം കരുതുന്നുവെന്നും ഇതിനു യോജിക്കാന്‍ കഴിയുന്നവരോടെല്ലാം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

യൂണിഫോം സിവില്‍ കോഡ് സംബന്ധിച്ച് ഇ.എം.എസ് എടുത്ത നിലപാട് ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇ.എം.എസ് ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പില്‍ ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമിക്കാര്‍ മറക്കുന്നു. ആര്‍.എസ്.എസ് ആകട്ടെ ഭരണഘടനാകര്‍ത്താക്കള്‍ ഏകീകൃത സിവില്‍ കോഡിനെ മാര്‍ഗ്ഗനിര്‍ദേശക തത്വങ്ങളിലാണ് ഉള്‍ക്കൊള്ളിച്ചതെന്നും തമസ്‌കരിക്കുന്നു.

എന്നുവച്ചാല്‍ ഏകപക്ഷീയമായി നടപ്പാക്കേണ്ടുന്ന ഒരു നിയമമായിട്ടല്ല യൂണിഫോം സിവില്‍ കോഡിനെ കണ്ടത്. മറിച്ച് പട്ടികവര്‍ഗ്ഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യപരിഷ്‌കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ട് കഴിയുമ്പോള്‍ മാത്രം നടപ്പാക്കേണ്ടുന്ന ഒരു കാര്യമായിട്ടാണ് ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാട്.

12-07-1985-ല്‍ ഇ.എം.എസ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:

”മുസ്‌ലിം ജനതയില്‍ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രശ്‌നമാണ് പൊതു സിവില്‍ നിയമമെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. മുസ്‌ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പില്‍ വരുത്തുന്നതു ബുദ്ധിപൂര്‍വ്വമായിരിക്കില്ലെന്നു കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചതിനോട് ഞങ്ങള്‍ക്ക് യോജിപ്പാണുള്ളത്. ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം ഉടന്‍ നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടൂവെന്ന് നിങ്ങളുടെ (ലീഗിന്റെ) നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണ്.”

1985-നെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ എത്രയോ മടങ്ങ് ശക്തിപ്രാപിച്ചിരിക്കുന്നു. അവരാണ് ഭരണാധികാരത്തില്‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷമായ കടന്നാക്രമങ്ങളാണ് ഇന്ത്യയിലെമ്പാടും അവര്‍ സംഘടിപ്പിക്കുന്നത്. 2024-ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയിട്ടാണ് ഇന്നിപ്പോള്‍ ധൃതിപിടിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, ജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടതുമാണെന്ന് സി.പി.ഐ.എം കരുതുന്നു. ഇതിനു യോജിക്കാന്‍ കഴിയുന്നവരോടെല്ലാം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.

എന്നാല്‍ കോണ്‍ഗ്രസ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ദേശവ്യാപകമായി ഉറച്ചനിലപാട് എടുക്കാന്‍ തയ്യാറല്ല. ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതിയില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് അവരുടെ അവസരവാദത്തിന് തെളിവാണ്. സമിതിയുടെ ചെയര്‍മാനായ സുശീല്‍കുമാര്‍ മോദിക്കുപോലും ഇന്നത്തെ ഘട്ടത്തില്‍ പട്ടികവര്‍ഗക്കാരെ ഏകീകൃത സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കണമെന്നാണ് അഭിപ്രായം. അല്ലാത്തപക്ഷം, ഇപ്പോള്‍ തന്നെ പൊട്ടിത്തെറിയിലേക്കു നീങ്ങുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാം.

എന്തുകൊണ്ട് കോണ്‍ഗ്രസിന് മുസ്‌ലിം വിഭാഗത്തിനുമേലും ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ പാടില്ലായെന്ന നിലപാട് എടുക്കാന്‍ കഴിയാതെ പോയത്? കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയല്ല വേണ്ടത്. ബിജെപിയുടെ ഉന്നത്തെക്കുറിച്ച് സംശയം ഉണ്ടാകില്ലല്ലോ. തുറന്ന് എതിര്‍ക്കുകയാണു കോണ്‍ഗ്രസ് ചെയ്യേണ്ടത്. എന്നാല്‍ അവര്‍ പിന്തുടരുന്ന മൃദുഹിന്ദുത്വ സമീപനം അത്തരമൊരു ഉറച്ച നിലപാട് സ്വീകരിക്കാന്‍ ദേശീയതലത്തില്‍ അവര്‍ക്ക് തടസ്സമായിരിക്കുന്നു.

എന്നാല്‍ ലീഗിലെ ചില നേതാക്കന്മാര്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിക്ക് ശേഷം സെക്രട്ടറി സ. എം.വി. ഗോവിന്ദന്‍ നടത്തിയ ഏകീകൃത സിവില്‍ കോഡിനെതിരായ പ്രക്ഷോഭ-പ്രചാരണ പരിപാടിയില്‍ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്? സി.പി.ഐ.എമ്മിന്റെ ഉദേശശുദ്ധിയെ എന്തിനാണ് ചോദ്യം ചെയ്യുന്നത്? ജമാഅത്തെ ഇസ്‌ലാമിക്കാരുടെ സി.പി.ഐ.എം വിരോധം മനസിലാക്കാം. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് അവരുടെയും നീക്കം.

ലീഗ് ഒരുകാര്യം മനസിലാക്കുക. കേരളത്തില്‍ നിങ്ങളെയും കോണ്‍ഗ്രസിനെയും തോല്‍പ്പിച്ച് 18 സീറ്റുമായി ലോക്‌സഭയില്‍ പോയ ഇടതുപക്ഷം ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ അധികാരത്തിനു പുറത്തുനിന്ന് നിരുപാധികം യു.പി.എ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച പ്രസ്ഥാനമാണ്. ഈ നിലപാട് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഉറപ്പുള്ളകാര്യമാണ്. ആര് ബി.ജെ.പിയോടൊപ്പം ചേര്‍ന്നാലും ഇടതുപക്ഷം അവരോടൊപ്പം ഉണ്ടാകില്ല.

Content Highlight: thomas issac talks about EMS stand on uuc