'ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരോടാണ്, എന്താണ് നിങ്ങളുടെ റോള്‍?'; ഏഷ്യാനെറ്റിനെതിരെ തോമസ് ഐസക്; മാപ്പപേക്ഷ സവര്‍ക്കര്‍ക്കുള്ള പ്രത്യേക വഴിപാട്
Kerala News
'ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരോടാണ്, എന്താണ് നിങ്ങളുടെ റോള്‍?'; ഏഷ്യാനെറ്റിനെതിരെ തോമസ് ഐസക്; മാപ്പപേക്ഷ സവര്‍ക്കര്‍ക്കുള്ള പ്രത്യേക വഴിപാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2020, 5:31 pm

മാധ്യമ വിലക്കില്‍ ഏഷ്യാനെറ്റിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ചാനലിന്റെ ഉടമ രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി എംപിയായിരുന്നിട്ട് കൂടിയും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും എന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

‘മാര്‍ച്ച് ആറിന് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാര്‍ത്തയുടെ പേരിലാണ് നടപടി. ആ വാര്‍ത്തയുടെ പേരില്‍ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാര്‍ത്തയായില്ല. അതിന്മേല്‍ ഒമ്പതു മണി ചര്‍ച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന കവര്‍ സ്റ്റോറിയും ഉണ്ടായില്ല’, ഐസക് പോസ്റ്റില്‍ പറയുന്നു.

‘ചെയ്തത് തെറ്റാണെങ്കില്‍ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോര്‍ട്ടിന് വസ്തുതയുടെ പിന്‍ബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് ബി.ജെ.പി സര്‍ക്കാരിന്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ല. പകരം സവര്‍ക്കര്‍ക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി’, ഐസക് ചൂണ്ടിക്കാട്ടി.

കലാപം ഇനിയും നടക്കും, അപ്പോഴൊന്നും ഇതുപോലുള്ള മാധ്യമപ്രവര്‍ത്തനമല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബി.ജെ.പി പുറത്തുവിടുന്നതെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനിലിനെ പേര് ഏടുത്തുപറഞ്ഞ് അഭിനന്ദിച്ചാണ് ഐസകിന്റെ പോസ്റ്റ്

‘ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് കാട്ടിയതിനേക്കാള്‍ വലിയ വിധേയത്വത്തിന് മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരോടാണ്. എന്താണ് നിങ്ങളുടെ റോള്‍?’, ഐസക് ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?

മാര്‍ച്ച് ആറിന് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാര്‍ത്തയുടെ പേരിലാണ് നടപടി. ആ വാര്‍ത്തയുടെ പേരില്‍ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാര്‍ത്തയായില്ല. അതിന്മേല്‍ ഒമ്പതു മണി ചര്‍ച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന കവര്‍ സ്റ്റോറിയും ഉണ്ടായില്ല.

സംഭവിച്ചത് വേറെന്നൊയിരുന്നു. ചെയ്തത് തെറ്റാണെങ്കില്‍ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോര്‍ട്ടിന് വസ്തുതയുടെ പിന്‍ബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് ബിജെപി സര്‍ക്കാരിന്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ല. പകരം സവര്‍ക്കര്‍ക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി.

മൌജ്പുരയിലെയും യമുനാവിഹാറിലെയും ഇരകളായ ഭൂരിപക്ഷ സമുദായത്തിനു പറയാനുള്ളതും തങ്ങള്‍ 25-02-2020ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നൊരു ബാലന്‍സിംഗും അതിനിടയില്‍ നടത്തി നോക്കി. പക്ഷേ, ഒന്നും ചെലവായില്ല. 48 മണിക്കൂര്‍ നേരത്തേയ്ക്ക് സംപ്രേക്ഷണം വിലക്കുന്ന ശിക്ഷ ഏഷ്യാനെറ്റ് ന്യൂസിന് ഏറ്റുവാങ്ങേണ്ടി വന്നു. അതെന്തുകൊണ്ട് എന്നാണല്ലോ പരിശോധിക്കേണ്ടത്?

കലാപം ഇനിയും നടക്കും, അപ്പോഴൊന്നും ഇതുപോലുള്ള മാധ്യമപ്രവര്‍ത്തനമല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത്. പൊലീസ് ഇനിയും നിഷ്‌ക്രിയമാകും. മതം ചോദിച്ച് ആക്രമണമുണ്ടാകും. കടകളും വീടുകളും വാഹനങ്ങളും കത്തിക്കും. ആദ്യഘട്ടത്തില്‍ നിഷ്‌ക്രിയമാകുന്ന പോലീസ് പിന്നീട് അക്രമികള്‍ക്കൊപ്പം അണിനിരന്ന് കടമ നിര്‍വഹിക്കും.

പക്ഷേ, ഇതൊന്നും ആരും റിപ്പോര്‍ട്ടു ചെയ്യാന്‍ പാടില്ല. ഇത്തരം വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് രാജ്യത്തിന്റെ മതസൌഹാര്‍ദ്ദം തകര്‍ക്കുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ സുചിന്തിതമായ അഭിപ്രായം.
കേബിള്‍ റെഗുലേഷന്‍ നെറ്റ്‌വര്‍ക്ക് ആക്ടിലെ വ്യവസ്ഥകളുടെ പുനര്‍നിര്‍വചനമാണ് ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേക്ഷണം വിലക്കിയ ഉത്തരവ്. കലാപം റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ വസ്തുതയെ കുഴിച്ചു മൂടണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള കല്‍പനയാണത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ വര്‍ഗീയകലാപം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ കലാപകാരികള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്ന പരസ്യമായ നിര്‍ദ്ദേശം. ഒപ്പം, മാധ്യമവിമര്‍ശനത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെടേണ്ട വിശുദ്ധ പദവിയാണ് ആര്‍എസ്എസിനുള്ളത് എന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍പോലും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കല്‍പന ശിരസാവഹിക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്, ഈ വിലക്ക് ഇന്നത്തെ പത്രങ്ങളിലൊന്നും ഒന്നാം പേജ് വാര്‍ത്തയായി ഇടംപിടിക്കാത്തത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെക്കുറിച്ച് മുഖപ്രസംഗങ്ങളില്ല. വിശകലനവിദഗ്ധരൊന്നും എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം പോലും മൂലയിലെവിടെയോ തള്ളി. മാധ്യമ ഉടമകളുടെ വിധേയത്വമാണ് ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളുടെ ഓരോ പേജിലും എട്ടു കോളത്തില്‍ പ്രതിഫലിച്ചത്.

മോദിയുടെ കാലത്ത് കോര്‍പറേറ്റ് മാധ്യമങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഇത്തരമൊരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ റോളെന്ത് എന്ന് അവര്‍ ചിന്തിക്കേണ്ട സമയമാണ്. ഏതൊരു മാനേജ്‌മെന്റിന്റെ കീഴിലായാലും, അവരെത്രതന്നെ ഭരണകൂടത്തിന്റെ പിണിയാളുകളായാലും, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിനുള്ളില്‍ ഒരു താരതമ്യസ്വാതന്ത്ര്യമുണ്ടായിരിക്കും. ആ സ്വാതന്ത്ര്യമുപയോഗിച്ച് ഈ മഹാവിപത്തിനെതിരെ ഒളിപ്പോരു നടത്താനുള്ള ആര്‍ജവമാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ടത്.

പി.ആര്‍ സുനില്‍ ഇക്കാര്യത്തില്‍ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് ആ മാധ്യമപ്രവര്‍ത്തകന്‍ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്. ഒന്നോ രണ്ടോ തവണയല്ല. തുടര്‍ച്ചയായി, ഇരകള്‍ക്കൊപ്പം നില്‍ക്കാനുള്ള ധീരത സുനില്‍ കാണിച്ചു. സുനിലിന്റെ ഓരോ റിപ്പോര്‍ട്ടും ബിജെപിയെ എത്ര അലോസരപ്പെടുത്തി എന്നതിന്റെ ഉദാഹരണമാണ് ഈ വിലക്കും കേന്ദ്രസര്‍ക്കാരിന്റെ അഭ്യാസപ്രകടനങ്ങളുമൊക്കെ. ഈ മാതൃക പിന്തുടരുക എന്ന ഉത്തരവാദിത്തമാണ് ആ സ്ഥാപനത്തിലെ മറ്റു മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ജനാധിപത്യസമൂഹം പ്രതീക്ഷിക്കുന്നത്.

എന്തായാലും, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് കാട്ടിയതിനേക്കാള്‍ വലിയ വിധേയത്വത്തിന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമകള്‍ തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരോടാണ്. എന്താണ് നിങ്ങളുടെ റോള്‍?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ