കേന്ദ്രം അധികം നല്‍കിയത് ആരോഗ്യപാക്കേജിലെ പണം മാത്രം; സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും തോമസ് ഐസക്ക്
Kerala News
കേന്ദ്രം അധികം നല്‍കിയത് ആരോഗ്യപാക്കേജിലെ പണം മാത്രം; സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2020, 12:08 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തരമായി പണം ലഭ്യമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോക് ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പാക്കേജിന്റെ ഭാഗമായി അനുവദിച്ച 7000 കോടി മാത്രമാണ് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം അനുവദിച്ച അധിക തുകയെന്നും തോമസ് ഐസക്ക് പറഞ്ഞു.

‘കൊവിഡ് കാലത്ത് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കിയിട്ടുള്ളത് ആരോഗ്യ പാക്കേജില്‍ നിന്നുള്ള 7000 കോടി രൂപമാത്രമാണ്. ബാക്കിയുള്ളതൊക്കെ സാധാരണഗതിയില്‍ ധനകാര്യകമ്മീഷനില്‍ നിന്നു കിട്ടേണ്ട പണമാണ്. അത് വളരെ കുറവാണ്,’ ധനമന്ത്രി പറഞ്ഞു.

വായ്പയെടുക്കാന്‍ ചെന്നാല്‍ അധിക പലിശയാണെന്നും ആ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ പണം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തരമായി പണം ലഭ്യമാക്കണം. വായ്പയ്ക്ക് ഒന്‍പതു ശതമാനം പലിശയാണ് നടപ്പാക്കിയത്. വായ്പ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്നും എടുത്തു നല്‍കുകയാണ് വേണ്ടത്,’ അദ്ദേഹം പറഞ്ഞു.

സാധാരണ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് അവര്‍ കഴിഞ്ഞ വര്‍ഷം പണിയെടുത്തതിന്റെ പകുതി പണമെങ്കിലും ഇട്ടു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക് ഡൗണില്‍ കിടക്കുന്ന ജനതയ്ക്ക് ഭക്ഷണവും പണവുമെത്തിക്കണം. ലോക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ പല കുടിയേറ്റ തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് പോയി. ഇപ്പോള്‍ പലയിടങ്ങളിലും ജനങ്ങള്‍ പട്ടിണിയുടെ വക്കത്താണെന്നും ധനമന്ത്രി പറഞ്ഞു. അവരുടെ ഉപജീവനം ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും രാജ്യത്ത് രോഗികളുടെ എണ്ണം നാലു ദിവസം കൂടുമ്പോള്‍ ഇരട്ടിക്കുന്ന ഒരു സ്ഥിതിയുണ്ട. അതിനുള്ള ഒരു മാര്‍ഗമാണ് ലോക്ക് ഡൗണ്‍. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും ടെസ്റ്റിംഗ് കൂടി വേണമെന്നും മന്ത്രി പറഞ്ഞു. ഇളവുകളെ സംബന്ധിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്ത ശേഷം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മെയ് മൂന്നു വരെയാണ് രാജ്യത്ത് ലോക് ഡൗണ്‍ നീട്ടിയത്. ഏപ്രില്‍ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു.

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ ജയിച്ചെന്നും മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രശ്നം കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തത് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കലാണ് മികച്ച പോംവഴിയെന്നും ഹോട്ട് സ്പോട്ട് മേഖലകളെക്കുറിച്ച് കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.