കോഴിക്കോട്: സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ജേക്കബ് തോമസ് പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടിയും വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 40 പേജു വരുന്ന മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കില്‍ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല എന്നും ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
“ജേക്കബ് തോമസിന്റെ പാഠം ഒന്നില്‍ പറയുന്ന കണക്കുകള്‍ ദുരിതത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സര്‍ക്കാര്‍ ഇതിനകം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചത് സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശങ്ങള്‍. കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള ഒരു സമഗ്രപരിപാടിയാണിത്.” തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജില്‍ പാര്‍പ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ നവീകരിക്കണം, തീരദേശ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി വിപുലമായ പദ്ധതികള്‍ക്കു വേണ്ടിവരുന്ന തുകയാണ് 7300 കോടി രൂപയുടെ കണക്കെന്നും അദ്ദേഹം പറയുന്നു.
സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിലെ പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ജേക്കബ് തോമസ് വിമര്‍ശനമുന്നയിച്ചിരുന്നു. കണക്ക് ശരിയാകുന്നില്ലെങ്കില്‍ കണക്കിന് വേറെ ടീച്ചറെ വെക്കേണ്ടി വരുമോയെന്നായിരുന്നു തോമസ് പരിഹാസത്തോടെ ചോദിച്ചിരുന്നത്. ഇതിന് മറുപടിയായാണ് മന്ത്രിയുടെ കുറിപ്പ്.